റസാഖ് ഒരുമനയൂര്‍
അബുദാബി: അന്താരാഷ്ട്ര പെട്രോളിയം പ്രദര്‍ശനത്തിന് സമാപനമായി. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതും വാണിജ്യപരമായി വിജയകരവുമായ ഒന്നായി അഡിപെക് ലോകശ്രദ്ധനേടുകയും ചെയ്തു. നാലുദിവസത്തിനിടെ പത്ത് ബില്യന്‍ ഡോളറിന്റെ ഇടപാടുകള്‍ നടത്തി ചരിത്രം തിരുത്തിയാണ് അഡിപെകിന് തിരശ്ശീല വീണത്. കഴിഞ്ഞ 40 വര്‍ഷമായി നടന്നുവരുന്ന അഡിപെകിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനവും പ്രദര്‍ശനവുമാണ് ഇക്കുറി നടന്നതെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
172 രാജ്യങ്ങളില്‍നിന്നുള്ള 205,139 സന്ദര്‍ശകര്‍ എത്തിയെന്നതും വിജയത്തിന്റെ മാറ്റുകൂട്ടി. ഊര്‍ജ്ജം, സാങ്കേതികവിദ്യ, നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമായി മാറാന്‍ അബുദാബിയിലെ പ്രദര്‍ശനത്തിന് കഴിഞ്ഞുവെന്ന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഉന്നതര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20,000 ലധി കംപേരാണ് ഈ വര്‍ഷം അധികമായി അഡിപെകില്‍ പങ്കെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. 370 സെഷനുകളിലായി 40 മന്ത്രിമാരുള്‍പ്പെടെ 1,800-ലധികം അന്താരാഷ്ട്ര പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു. മുപ്പത് രാജ്യങ്ങളില്‍നിന്നായി 2200 കമ്പനികളാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയത്.
ഊര്‍ജ്ജരംഗത്തെ ഏറ്റവും വലിയ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്താനും വിവിധ രാജ്യങ്ങളുമായി കരാറുകളിലേര്‍പ്പെടുവാനും ഇവര്‍ക്ക് സാധ്യമായി.
അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങി ലോകത്തിലെ വന്‍കിട ഉല്‍പ്പാദകരും ആ രാജ്യങ്ങളിലെ ഉന്നതരും അഡിപെകിന്റെ ഭാഗമാ യിമാറാന്‍ എത്തിയിരുന്നു. ഇന്ത്യയില്‍നിന്ന് അമ്പതില്‍പരം കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയിരുന്നു. ഇടപാടുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും കഴിഞ്ഞു. കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംബന്ധിച്ചു. യുഎഇ യില്‍നിന്നുള്ള ചെറുതും വലുതുമായ നിരവധി നിര്‍മ്മാതാക്കളും ഇറക്കുമതിക്കാരും അതിനൂതന സാധന സാമഗ്രികളുടെ വന്‍ശേഖരം തന്നെ ലോകത്തിന് പരിചയപ്പെടുത്തി. പെട്രോളിയം മേഖലയിലെ വിസ്മയം പകരുന്ന അതിനൂതന സംവിധാനങ്ങ ള്‍ അബുദാബിയില്‍ എത്തിക്കുന്നതില്‍ വിവിധ രാജ്യങ്ങളിലെ ഉല്‍പ്പാദകര്‍ പ്രത്യേകം താല്‍പര്യം കാട്ടി.
കഴിഞ്ഞ നാലു ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ ഹോട്ടലുകളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രമുഖ വ്യക്തികളും 2200 കമ്പനികളില്‍നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിനുപേരാണ് ഹോട്ടലുകളില്‍ മുറിയെടുത്തത്. ഇവര്‍ക്ക് പ്രദര്‍ശനം നടക്കുന്ന അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററി ലേക്കും തിരിച്ചുമുള്ള യാത്രക്കായി നൂറുകണക്കിന് വാഹനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ റോഡുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.