X

ഓര്‍ഡിനന്‍സ് ഉയര്‍ത്തുന്ന ആശങ്കകള്‍-എഡിറ്റോറിയല്‍

സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം ആശങ്കാജനകമാണ്. മന്ത്രിസഭാ യോഗത്തില്‍ അജണ്ടക്കു പുറമേയായി ചര്‍ച്ചക്കെടുത്ത വിഷയം പ്രത്യേക നിയമസഭാ യോഗം ചേര്‍ന്ന് പാസാക്കിയെടുക്കാനാണ് തീരുമാനം. സര്‍വകലാശാലകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധവും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമല്ലാത്ത രീതിയിലുമാണെന്നുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കെ തന്നെ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് വലിയ പ്രത്യാഘാതങ്ങള്‍ വരുത്തിവെച്ചേക്കാവുന്ന ഈ സുപ്രധാനമായ നടപടി വേണ്ടത്ര കൂടിയാലോചനകളില്ലാതെ വികാരപ്പുറത്ത് കൈക്കൊള്ളുക എന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്. സര്‍ക്കാറും ഗവര്‍ണറും ചേര്‍ന്ന് നടത്തിയ വൈസ് ചാന്‍സിലര്‍ നിയമനങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ട ഘട്ടത്തിലുളള തിടുക്കപ്പെട്ടുള്ള ഈ തീരുമാനത്തിന്റെ ഉദ്ദേശ്യ ശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നതാണ്.

പുതിയ സാഹചര്യത്തില്‍ കോടതിയില്‍നിന്ന് കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള സര്‍ക്കാറിന്റെ കുടില തന്ത്രവും പിന്നിലുണ്ടെന്ന് സംശയിക്കാവുന്നതാണ്. രണ്ടുകാരണങ്ങള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ നീക്കത്തെ സംശയ ദൃഷ്ടിയോടെ കാണേണ്ടിവരുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കൈകടത്തലാണ് ആദ്യത്തേത്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ പദവി ഉള്‍പ്പെടെയുള്ള ഉന്നതമായ പദവികളില്‍ എത്ര ലാഘവത്തോടെയാണ് പാര്‍ട്ടിക്കാരുടെ ബന്ധുക്കളേയും സ്വന്തക്കാരെയും ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ കാലത്തു തിരുകിക്കയറ്റിയത്. ഇന്റര്‍വ്യൂകളില്‍ കൃത്രിമം കാട്ടിയും വ്യാജ രേഖകള്‍ നിര്‍മിച്ചും നടത്തിയ പല നിയമനങ്ങളും സാംസ്‌കാരിക കേരളത്തെ തന്നെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. കഴിവിന് യാതൊരു വിലയും കല്‍പ്പിക്കാതെ നടന്നിട്ടുള്ള ഇത്തരം നിയമനം വഴി ദേശീയ തലത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം പിന്നോട്ടടിക്കുന്ന കാഴ്ചയും കാണാന്‍ സാധിക്കുകയുണ്ടായി. വേണ്ടത്ര ആസൂത്രണങ്ങളില്ലാതെ ഓപ്പണ്‍ സര്‍വകലാശാലക്ക് തുടക്കമിടുകയും മറ്റുസര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യസ സംവിധാനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തതിലൂടെ ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികള്‍ വഴിയാധാരമായി മാറിയത് ഈ സര്‍ക്കാറിന്റെ കാലത്തു തന്നെയാണ്. ഇത്തരത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് ജോലി നല്‍കാനും പാര്‍ട്ടി താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള ഇടങ്ങളാക്കി സര്‍വകലാശാലകളെ പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാര്‍ ഗവര്‍ണറെ തലപ്പത്തുനിന്നു മാറ്റുക കൂടി ചെയ്യുന്നതോടെ എന്തായിരിക്കും ഈ സംവിധാനങ്ങളുടെ ഭാവിയെന്ന ആലോചന ഭീതിതം തന്നെയാണ്.

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ കൂട്ടുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. വിശദമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കേണ്ട ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ അതില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ സര്‍ക്കാര്‍ അടച്ചുകളയുന്നു എന്നത് പലതും മറച്ചുവെക്കാനുള്ളതുകൊണ്ടും പലചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്തതുകൊണ്ടുമാണ് എന്നത് വ്യക്തമാണ്. പ്രത്യേകിച്ച് ഈ തീരുമാനത്തില്‍ നിയമനിര്‍മാണസഭയില്‍ പ്രതിപക്ഷത്തിന്റെ സാനിധ്യത്തില്‍ ചര്‍വിത ചര്‍വണം നടക്കേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം സര്‍ക്കാറിന് തന്നെ തിരിച്ചടിയുണ്ടാകുന്ന സാഹചര്യം സംജാതമാകുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും. അങ്ങിനെയുള്ള അനുഭവങ്ങള്‍ സര്‍ക്കാറിനു മുന്നില്‍ ധാരാളം ഉണ്ടുതാനും. പല വിഷയങ്ങളും ചര്‍ച്ചാ വേളകളില്‍ അംഗീകരിക്കാന്‍ വൈമനസ്യം ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ പിന്നീട് സര്‍ക്കാറിന് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കറിന്റെ പാതയില്‍ സംസ്ഥാനത്തെ ഓര്‍ഡിനന്‍സ് രാജാക്കിമാറ്റാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത്.

കൊണ്ടും കൊടുത്തും പരസ്പര ധാരണയോടെ പ്രവര്‍ത്തിച്ച ഗവര്‍ണറും സര്‍ക്കാറും കൊമ്പുകോര്‍ക്കുമ്പോള്‍ അതിന്റെ മറവിലും തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. ഒരു വശത്ത് മുഖ്യമന്ത്രിയേയും സര്‍ക്കാറിനേയും വെല്ലുവിളിക്കുമ്പോള്‍ തന്നെ മറുവശത്ത് തന്റെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാറാകട്ടേ ഗവര്‍ണറെ കാട്ടി തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നടപ്പാക്കിയെടുക്കുകയും ചെയ്യുന്നു. ഇരുകൂട്ടരും ചേര്‍ന്നുള്ള ഈ പൊറാട്ടു നാടകം യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ് ചെയ്യുന്നത്.

Test User: