ടി ഷാഹുല്‍ ഹമീദ്
മനുഷ്യര്‍ നേരിടുന്ന ജീവല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ലോക രാജ്യങ്ങളുടെ ഇരുപത്തിയേഴാമത് കാലാവസ്ഥാ ഒത്തുചേരല്‍ ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ നടക്കുകയാണ്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി കര്‍മ പരിപാടിയുടെ പതിമൂന്നാമത് ഉദ്വമന വിടവ് റിപ്പോര്‍ട്ട് (എമിഷന്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് 2022) ലോക രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് നിലവിലുള്ളതില്‍ നിന്നും 2.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. നിലവില്‍ ബഹിര്‍ഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 45% കുറച്ചാല്‍ മാത്രമേ ലോകം രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കില്‍ ഭൂമി വിയര്‍ത്ത് മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ അതിജീവനത്തിനായി നെട്ടോട്ടം ഓടേണ്ടി വരും.
വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്‍മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ലോകത്തിന്റെ ചൂട് 2010 മുതല്‍ 2019 വരെ ശരാശരി 1.1 ഡിഗ്രി സെല്‍ഷ്യസ് ആണ് വര്‍ദ്ധിച്ചതെങ്കില്‍ 2020 ല്‍ 141 വര്‍ഷത്തിനുശേഷം ചൂട് 1.28 ഡിഗ്രീ സെല്‍ഷ്യസ് ആയി വര്‍ദ്ധിച്ചു. ലോകത്തെ അനിയന്ത്രിതമായ താപവര്‍ദ്ധനവിന് കാരണമായ കാര്‍ബണ്‍ പുറന്തള്ളലിന്റെ 55% വും വികസിത രാജ്യങ്ങളായ ജി 20 രാജ്യങ്ങളാണ് പുറന്തള്ളുന്നത്. കാര്‍ബണ്‍ അടക്കമുള്ള ഹരിത ഗൃഹ വാതകങ്ങളുടെ പ്രതിശീര്‍ഷ ബഹിര്‍ഗമനത്തില്‍ ഒരു വ്യക്തി ലോകത്താകമാനം 6.3 ടണ്‍ ഹരിതഗൃഹവാതകങ്ങളാണ് വര്‍ഷത്തില്‍ പുറന്തള്ളുന്നത് എങ്കില്‍, അമേരിക്കയില്‍ അത് 14 ടണ്ണും റഷ്യയില്‍ 13 ടണ്ണും ചൈനയില്‍ 9.71, ബ്രസീലില്‍ 7.51 ടണ്ണും ആണ് പുറന്തള്ളുന്നത്.
ഈജിപ്തില്‍ എത്തുന്നതിന് മുമ്പ് 2021ല്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ക്കോ ഉച്ചകോടിയില്‍ 166 രാജ്യങ്ങള്‍ പുതിയ ചുവടുവെപ്പ് നടത്തി നിലവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 4.8 ഗിഗാ ടണ്ണിന്റെ കുറവ് ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ചിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹരിത ഗൃഹ വാതകങ്ങളായ കാര്‍ബണ്‍ഡയോക്‌സൈഡ്, മീഥെയിന്‍, നൈട്രസ് ഓക്‌സൈഡ്, ഹൈഡ്രോഫഌറോ കാര്‍ബണ്‍, പെര്‍ ഫഌറോ കെമിക്കല്‍സ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ ബഹിര്‍ഗമനം അപകടകരമായ രീതിയില്‍ തുടരുകയാണ്.
ഒരു വ്യക്തിയോ സ്ഥാപനമോ, ഒരു വസ്തുവോ, സംഘമോ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കണക്കാക്കി രേഖപ്പെടുത്തുന്നതിനാണ് കാര്‍ബണ്‍ പാദ മുദ്ര ഉപയോഗിക്കുന്നത്. രാജ്യങ്ങള്‍ ഇത് രേഖപ്പെടുത്തി വെക്കുവാനും ഇങ്ങനെ പുറം തള്ളുന്നതിന് ഒരു വില നിശ്ചയിക്കുകയും ചെയ്താല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. ഈ കാര്യത്തില്‍ ഈജിപ്തില്‍ നിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് ലോകം പ്രതീക്ഷിക്കുന്നു. വ്യവസായ യുഗം ആരംഭിച്ചതോടുകൂടി ലോകത്തിന്റെ ചൂട് ശരാശരി ഒരു ശതമാനം വര്‍ധിക്കാന്‍ തുടങ്ങി. ലോകത്ത് ആകമാനം ഹരിത ഗൃഹവാതകങ്ങളുടെ 35% പുറന്തള്ളുന്നത് ഊര്‍ജ്ജ മേഖലയില്‍ നിന്നാണ.് കൃഷി വന നശീകരണം കാട്ടുതീ എന്നിവയില്‍ നിന്നും 24 ശതമാനവും വ്യവസായത്തില്‍ നിന്നും 24 ശതമാനവും ഗതാഗത മേഖലയില്‍ നിന്ന് 14ശതമാനവും കെട്ടിട നിര്‍മാണ മേഖലയില്‍ നിന്ന് 6% വും കാര്‍ബണ്‍ പുറന്തള്ളുന്നു. 30% മാത്രം കാര്‍ബണ്‍ ഗ്രാമീണ മേഖലയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുമ്പോള്‍ നഗരപ്രദേശങ്ങളില്‍ നിന്നാണ് 70% കാര്‍ബണും പുറത്തേക്ക് തള്ളുന്നത്.
ലോകത്താകമാനം കാര്‍ബണ്‍ പുറന്തള്ളുന്നവരില്‍ നിന്നും തള്ളുന്നതിനനുസരിച്ച് വില ഈടാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരികയാണ്. കൂടാതെ കാര്‍ബണ്‍ വിസര്‍ജനം കൂടുതല്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ താഴെ മാത്രം കാര്‍ബണ്‍ വിസര്‍ജനം നടത്തുന്നതിന് അവകാശം വില കൊടുത്തു വാങ്ങാവുന്ന കാര്‍ബണ്‍ വിപണി ആരംഭിക്കുകയാണ്. കാര്‍ബണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതോടെ വ്യാപാര മേഖലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ അളവ് 1970 ല്‍ 325 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍ )ആയിരുന്നുവെങ്കില്‍ ഇന്ന് അത് 430 പി.പി.എം ആയി വര്‍ദ്ധിച്ചു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് കാര്‍ബണ്‍ ഏറ്റവും കൂടുതല്‍ പുറംതള്ളുന്നത് (31%) ചൈനയിലാണ്. അമേരിക്ക 14%യൂറോപ്യന്‍ യൂണിയനും ഇന്ത്യയും 7% പുറത്തേക്ക് വീടുന്നു. കല്‍ക്കരി ഇന്ധന ഉല്‍പാദനത്തില്‍ നിന്നും 190 രാജ്യങ്ങള്‍ പിന്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുടെങ്കിലും ഇതില്‍ 46 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടില്ല. കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ ലോകത്തിലെ കല്‍ക്കരി ഉല്‍പാദനത്തിന്റെ 15%മാത്രമാണ്. ഏറ്റവും വലിയ കല്‍ക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പിട്ടിട്ടില്ല. ലോകത്താകെ 92 രാജ്യങ്ങളിലായി 648 ചൈനീസ് കമ്പനികള്‍ കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
245 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് ഇവിടങ്ങളില്‍ നിന്നും ഒരു വര്‍ഷം പുറത്തേക്ക് വിടുന്നത്. സ്‌പെയിന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണിന് തുല്യമാണ് ഇത്. മനുഷ്യനാല്‍ പുറന്തള്ളുന്ന മീഥൈന്‍ വാതക ബഹിര്‍ഗമനം 30% കുറയ്ക്കുവാന്‍ ലോകത്തിലെ 122 രാജ്യങ്ങള്‍ പ്രതിജ്ഞ എടുത്തപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മീഥൈന്‍ പുറന്തള്ളുന്ന ആസ്‌ട്രേലിയ, ചൈന, ഇന്ത്യ, ഇറാന്‍, റഷ്യ എന്നി രാജ്യങ്ങള്‍ പ്രതിജ്ഞ എടുത്തിട്ടില്ല എന്നത് നിരാശാജനകമാണ്. ലോകത്ത് മീഥൈന്‍ വാതകത്തിന്റെബഹിര്‍ഗമനം ഓരോ വര്‍ഷവും 162 % ആണ് വര്‍ധിക്കുന്നത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിനേക്കാള്‍ അപകടകാരിയാണ് മീഥൈന്‍.
2070 ല്‍ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ ഗമനം പൂജ്യത്തില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2050ല്‍ അമേരിക്കയും 2060ല്‍ ചൈനയും കാര്‍ബണ്‍ ന്യൂട്രല്‍ ആകും എന്ന പ്രഖ്യാപനം ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കൂടാതെ ലോകത്ത് ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സഊദി അറേബ്യ 2060 ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. ഭൂമിയിലെ കാര്‍ബണിന്റെ വലിയഭാഗം മണ്ണിലാണ് സംഭരിക്കുന്നത് എന്നതിനാല്‍ ഭൂമിയില്‍ ഉണ്ടാകുന്ന അപകടകരമായ മനുഷ്യനിര്‍മിതികള്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വികരണത്തിനു കാരണമാകുന്നു. ചത്ത സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങളില്‍ നിന്നും ഭൂമിയുടെ പുറംതോടില്‍ സ്വാഭാവികമായ രൂപംകൊള്ളുന്ന ഹൈഡ്രോ കാര്‍ബണ്‍ അടങ്ങിയ ഒരു വസ്തുവാണ് ഫോസില്‍ ഇന്ധനങ്ങള്‍. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം എന്നിവയാണ് പ്രധാന ഫോസില്‍ ഇന്ധനങ്ങള്‍. മനുഷ്യപ്രവര്‍ത്തനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ 80% വും കത്തിച്ചു കളയുന്നതിലൂടെയാണ് പുറന്തള്ളുന്നത്. ഹരിത ഗൃഹവാതകങ്ങളില്‍ 65% കാര്‍ബണ്‍ഡയോക്‌സൈഡ് ആണെങ്കില്‍ 16% മീഥേയിനും 6% നൈട്രസ് ഓക്‌സൈഡ് 2% ഫഌറോ ഗ്യാസുകളും ആണ് അന്തരീക്ഷത്തിലേക്ക് എത്തുന്നത്.
ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ബണ്‍ കണക്കെടുപ്പാണ് നീതിയുക്തമാക്കുക അല്ലാതെ വികസിത രാജ്യങ്ങള്‍ മുന്നോട്ട് വെക്കുന്ന ദേശത്തിന്റെ അതിര്‍ത്തി കണക്കായുള്ള കണക്കെടുപ്പ് വലിയ ചര്‍ച്ചയാണ് ഉച്ച കോടിയില്‍ ഉണ്ടാകുക. കാര്‍ബണ്‍ കുറക്കുന്നതിന് നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ കാര്‍ബണ്‍ പിടിച്ചെടുക്കുന്ന ആഋഇഇട (ബയോ എനര്‍ജി വിത്ത് കാര്‍ബണ്‍ ക്യാപ്ചര്‍ ആന്‍ഡ് സ്‌റ്റോറേജ്) എന്ന മാര്‍ഗം ജൈവ വസ്തുക്കളില്‍ നിന്നും ജൈവോര്‍ജം വേര്‍തിരിച്ച് എടുക്കുകയും അതുവഴി അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണിനെ നീക്കം ചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ്. മറ്റൊരു പ്രക്രിയയാണ് ഉഅഇ (ഡയറകട് എയര്‍ ക്യാപ്ചര്‍ ). അന്തരിക്ഷത്തില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ പിടിച്ചെടുക്കുന്ന രീതി. ഇതില്‍ ഏതെങ്കിലും മാര്‍ഗം സ്വീകരിച്ച് ക്ലീന്‍ ഊര്‍ജ്ജം എന്ന ആശയം ലോകത്ത് ശക്തമാകേണ്ടതായിട്ടുണ്ട്.
ഭൂമിയിലെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഹരിത ഗൃഹവാതങ്ങള്‍ തടയുകയും ഭൂമിയിലെ താപനില വര്‍ധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്‍ ഭൗമോപരിതലത്തിനോട് ചേര്‍ന്നുള്ള വായു പാളികളുടെ ശരാശരി താപം വര്‍ദ്ധിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവും സ്വാഭാവിക പ്രകൃതിയിലേക്ക് വനം, മണ്ണ് ,സമുദ്രങ്ങള്‍ തുടങ്ങിയവയില്‍ ആകിരണം ചെയ്യപ്പെടുന്ന കാര്‍ബണിന്റെ അളവും തുല്യമാക്കുന്നതിനെയാണ് കാര്‍ബണ്‍ തുലിതാവസ്ഥ അഥവാ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന് പറയുന്നത്. വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കാര്‍ബണ്‍ കുറക്കുന്ന വികസന രീതി ലോകരാജ്യങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ വലിയ പദ്ധതികള്‍ കൊണ്ടുണ്ടാക്കുന്ന കാര്‍ബണ്‍ ബഹിര്‍ ഗമനത്തെ തടയാന്‍ സാധിക്കും. പ്രകൃതിയില്‍ ഓരോ നിമിഷവും വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ പുറന്തള്ളുന്നു. ആഗോളതാപനത്തിന്റെ അടിസ്ഥാന കാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഏറ്റവും വലിയ കാരണമായ ഹരിതഗൃഹ വാതകങ്ങള്‍ കുറക്കുന്നതിന് ആവശ്യമായിട്ടുള്ള നിര്‍മാണാത്മകമായ തീരുമാനങ്ങള്‍ ഈജിപ്തില്‍ നിന്നും വരുമെന്ന് ലോകത്തെ പ്രകൃതിസ്‌നേഹികള്‍ പ്രതീക്ഷിക്കുന്നു.