ലോകത്ത് ഒമിക്രോണ്‍ ഭീതി സജീവമാകുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ ഫ്രാന്‍സില്‍ പന്ത്രണ്ടോളം പേരിലാണ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഐ ഏച് യു മെഡിറ്ററേനിയന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണ സ്ഥാപനത്തില്‍ ആണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ‘ഇഹു’ എന്ന പേരിലാണ് നിലവില്‍ അറിയപ്പെടുന്നത്.
വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 ജനിതക വ്യതിയാനങ്ങള്‍ ഇതിന് സംഭവിച്ചിട്ടുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാക്‌സിനുകള്‍ക്ക് ഇതിനെ അതിജീവിക്കാന്‍ കഴിയുമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.
കാമറൂണില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്കും ബന്ധുക്കള്‍ക്കുമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ വകഭേദത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിന്റെ തീവ്രത, രോഗവ്യാപനം, എന്നീ കാര്യങ്ങളില്‍ വരും മണിക്കൂറുകളില്‍ ശാസ്ത്രീയ വിശദീകരണങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇതിനെ ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.