X
    Categories: gulfNews

2021,2023 കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ മത്സരിക്കും

ദോഹ: മധ്യ-വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും കരീബിയന്‍ രാജ്യങ്ങളുടെയും ഫുട്ബോള്‍ കൂട്ടായ്മയായ കോണ്‍കകാഫിന്റെ 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പില്‍ അതിഥി രാജ്യമായി ഖത്തര്‍ മത്സരിക്കും. 2022 ഫിഫ ലോകകപ്പിനു രണ്ടുവര്‍ഷം മാത്രം അവശേഷിക്കെ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും(ക്യുഎഫ്എ) ലോകകപ്പ് സംഘാടകചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും കോണ്‍കകാഫുമായി തന്ത്രപരമായ പങ്കാളിത്തത്തിന് രൂപം നല്‍കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് കോണ്‍കകാഫിന്റെ സുപ്രധാനമായ ഗോള്‍ഡ് കപ്പില്‍ ഖത്തര്‍ പങ്കെടുക്കുന്നത്. 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പിലായിരിക്കും ഖത്തര്‍ മത്സരിക്കുക. കോണ്‍കകാഫ് മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പാണിത്. ഇതില്‍ പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമെന്ന നേട്ടവും രണ്ടാമത്തെ ഏഷ്യന്‍ രാജ്യമെന്ന ഖ്യാതിയും ഖത്തറിന് സ്വന്തമാകും. നേരത്തെ 2002ല്‍ ദക്ഷിണ കൊറിയ മത്സരിച്ചിരുന്നു.
അടുത്തവര്‍ഷം ജൂലൈ രണ്ടു മുതല്‍ ജൂലൈ 25വരെ അമേരിക്കയിലാണ് ചാമ്പ്യന്‍ഷിപ്പ്. അടുത്തവര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചശേഷമായിരിക്കും ഖത്തര്‍ ടീം ഗോള്‍ഡ് കപ്പില്‍ പങ്കെടുക്കാനായി അമേരിക്കയിലേക്ക് പുറപ്പെടുക. കഴിഞ്ഞവര്‍ഷവും ഖത്തര്‍ കോപ്പ അമേരിക്കയില്‍ മത്സരിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.
2022 ഫിഫ ലോകകപ്പിനു മുന്നോടിയായി മികച്ച തയാറെടുപ്പുകള്‍ നടത്താന്‍ ഖത്തറിന് സഹായകമായിരിക്കും ഈ രണ്ടു വലിയ ചാമ്പ്യന്‍ഷിപ്പുകള്‍. കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് അഭിമാനകരമായ ടൂര്‍ണമെന്റാണെന്നും 2021, 2023 എഡീഷനുകളിലേക്ക് ഖത്തറിന് ക്ഷണിച്ചതില്‍ അത്യധികമായ സന്തോഷമുണ്ടെന്നും ക്യുഎഫ്എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി പറഞ്ഞു. ഖത്തര്‍ ലോകകപ്പ് കിക്കോഫിന് 17 മാസങ്ങള്‍ മുന്‍പായിരിക്കും കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്.
അതുകൊണ്ടുതന്നെ ലോകത്തിലെ മുന്‍നിര ടീമുകള്‍ക്കൊപ്പം കളിക്കാന്‍ ഖത്തറിന് അവസരം ലഭിക്കും. ലോകകപ്പിനായി മികച്ച രീതിയില്‍ തയ്യാറാകാനാകുമെന്നും അല്‍താനി ചൂണ്ടിക്കാട്ടി. 2019ലെ ഏഷ്യന്‍കപ്പ് നേടാനായത് ഖത്തറിന്റെ ഫുട്ബോള്‍ വികസനപദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണ്.
ഗോള്‍ഡ് കപ്പിലേക്കും ആത്മവിശ്വാസത്തോടെയാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

web desk 1: