X

രാഹുല്‍ഗാന്ധിക്ക് അധികാരമോഹമില്ല, അതാണ് പരാജയകാരണം: കെ.വേണു

കെ.പി ജലീല്‍

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി നല്ല മനുഷ്യനാണെന്നും എന്നാല്‍ അധികാരമോഹമില്ലെന്നും പ്രമുഖസൈദ്ധാന്തികന്‍ കെ.വേണു. രാഹുല്‍ഗാന്ധി നല്ല മനുഷ്യനാണ്. എന്നാല്‍ നല്ല നേതാവല്ല. അദ്ദേഹം തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകനാകണമെങ്കില്‍ അധികാരമോഹംകൂടി ആവശ്യമാണ്. ഭാരത് ജോഡോ യാത്ര നടത്തിയതുകൊണ്ട് മാത്രം ഭരണം പിടിക്കാന്‍ കഴിയില്ല. ഗാന്ധിജിയും നെഹ്രുവും തമ്മിലുള്ള വ്യത്യാസം അതാണ്. അധികാരം പിടിക്കാനുള്ള വാഞ്ഛയാണ് പ്രധാനം. രാഹുലിന് അതില്ല. വേണു ചന്ദ്രിക ഓണ്‍ലൈനിനോട് വ്യക്തമാക്കി.

? ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കാണ് വീണ്ടും അനുകൂലമാകുന്നത്.

= അതിന് കാരണം കോണ്‍ഗ്രസ് തന്നെയാണ്. പാര്‍ട്ടിയുടെ നേതാക്കള്‍ വളരെകുറച്ചുതവണയേ അവിടെ ചെന്നുളളൂ.രാഹുല്‍ഗാന്ധി പോലും ഒരുതവണയാണ് പ്രചാരണത്തിന് ചെന്നത്. മറിച്ച് മോദി പോയത് 32തവണയാണ്. ഇത് ഗുജറാത്തികളില്‍ കോണ്‍ഗ്രസിനെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തിയിരിക്കണം. മോദി പ്രയോഗിച്ചതാകട്ടെ ഗുജറാത്തിവാദമായിരുന്നു. വികസനം മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. അതിലൂടെ അവര്‍ മനുഷ്യരുടെ മനസ്സ് പിടിച്ചു.വര്‍ഗീയതക്ക് ഒരു പരിധിയുണ്ട്. അത് മാത്രം പറഞ്ഞാല്‍ പോരെന്ന് അവര്‍ മനസ്സിലാക്കി. ഗുജറാത്തികളുടേതാണ് ബി.ജെ.പി എന്ന് വരുത്താന്‍ മോദിയും ഷായും പരമാവധി പരിശ്രമിച്ചു.


? എങ്ങനെയാണ് ഈ അവസ്ഥയില്‍ 2024നെ കാണുന്നത്.

= പ്രചാരണം ജനങ്ങളിലേക്കെത്തിക്കുക തന്നെയാണ ്പ്രധാനം.

ഭാരത് ജോഡോയാത്ര നല്ലതുതന്നെ. അതേസമയം തന്നെ പ്രാക്ടിക്കലായി തെരഞ്ഞെടുപ്പിനെ കാണണം. വിജയത്തിന് ഒരുപാട്ഘടകങ്ങള്‍ ആവശ്യമാണ്. മോര്‍ബി പാലം തകര്‍ന്ന് ആളുകള്‍ മരിച്ചിട്ടും ബി.ജെ.പിയിലേക്ക് ആളുകള്‍ പോയതിന് കാരണം അവരിലാണ് അവരുടെ പ്രതീക്ഷ എന്നതുകൊണ്ടാണ്. അത് നല്‍കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയണം.

? വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വെക്കാമോ.
= അതാണ ്ഞാന്‍ പറഞ്ഞത്, വേണമെങ്കില്‍ എല്ലാ കഴിയും. ശശിതരൂര്‍ നടത്തുന്നതുപോലെ പ്രായോഗികരാഷ്ട്രീയംകളിക്കണം. രാഹുലിന് അതറിയില്ല. അവിടെയാണ് അദ്ദേഹത്തിന്റെ പരാജയം. രാഹുലിന് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്ന ്അദ്ദേഹം തെളിയിച്ചു.

? മതേതരത്വം എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന അജണ്ട.

= അതില്‍ വെള്ളംചേര്‍ക്കാന്‍ പാടില്ല. അത് അബദ്ധമാകും. ആം ആദ്മിക്ക് ഗുജറാത്തില്‍ പറ്റിയത്അതാണ്. കോണ്‍ഗ്രസ് അതിന്റെ നയവുമായിതന്നെ മുന്നോട്ടുപോകണം. പക്ഷേ പ്രായോഗികരാഷ്ട്രീയവും കൂടി അതിന്റെ നേതാക്കള്‍ക്ക് വേണം. അതിനായിരിക്കണം ഇനിയത്തെ ഊന്നല്‍.

Test User: