സി.കെ ശാക്കിര്‍
ഭീമുകള്‍ തകര്‍ന്ന് വീണ മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം എല്‍.ഡി.എഫിന്റെ സമ്മാനമാണെന്ന പുതിയ ക്യാപ്‌സൂള്‍ വിതറുന്ന ഡ്യൂട്ടിയിലാണ് സി.പി.എമ്മുകാര്‍. അര കിലോമീറ്റര്‍ താഴെ വാഴക്കാട് പഞ്ചായത്തില്‍തന്നെ പൂര്‍ണമായും കേന്ദ്ര ഫണ്ടില്‍ നിര്‍മിച്ച എളമരം പാലം ഈ മാസം 23 ന് മന്ത്രി റിയാസ് തുറന്നുകൊടുക്കുന്നുണ്ട്. അത് നരേന്ദ്ര മോദിയുടെ സമ്മാനമാണെന്ന് സംഘികളും #ക്‌സും നോട്ടീസും അടിച്ചിറങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ പേരും കൊടിയുടെ നിറവും വ്യത്യാസം ഉണ്ടെന്നല്ലാതെ ഇവരുടെ സ്വഭാവം ഒന്ന് തന്നെയാണെന്ന് ഇവിടെയും തെളിയിച്ചു. ഇനി വസ്തുത പരിശോധിക്കാം. 2002ല്‍ യു.സി രാമന്‍ എം.എല്‍.എ മുന്‍കൈ എടുത്താണ് കൂളിമാട് പാലത്തിന്റെ പ്രൊപോസല്‍ കൊണ്ട്‌വരുന്നതും സ്ഥലം ഏറ്റെടുത്തുതുടങ്ങിയതും. പിന്നീട് അച്യുതാനനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു ചലനവും ഉണ്ടായില്ല. വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷമാണ് 2011 ല്‍ കൂളിമാട് പാലം സജീവ ചര്‍ച്ചയായത്. 2016 ലാണ് യു.ഡി.എഫ് അഞ്ചു കോടി വകയിരുത്തിയതും കോഴിക്കോട് ജില്ലയിലെ ഭാഗത്തുള്ള ഭൂമി ഏറ്റെടുത്തതും. എളമരത്തും കൂളിമാടും പാലം വേണമെന്ന പ്രാദേശിക വികാരം നേരത്തെ തന്നെ ശക്തമാണ്. ചാലിയാറില്‍ ഒരു കിലോമീറ്റര്‍ പോലും അകലമില്ലാതെ രണ്ട് പാലം എന്നത് പ്രായോഗിക പ്രയാസമുണ്ടാക്കി. എളമരം പാലത്തിന് അഞ്ചു കിലോമീറ്റര്‍ താഴെ ഇ.ടി മുഹമ്മദ് ബഷീര്‍ മന്ത്രിയായപ്പോള്‍ നാടിന് സമ്മാനിച്ച കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജുമുണ്ട്. ഒരു പാലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനും ഒരു പാലം കേന്ദ്രത്തിന് നിര്‍ദേശിക്കാനും ധാരണയായി. എളമരത്തിനും കൂളിമാട്, മപ്രത്തിനും സന്തോഷം. വൈകാതെ എളമരത്തിന് കേന്ദ്ര ഫണ്ടും ലഭിച്ചു.
യു.ഡി.എഫ് മാറി എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നു. പാലം നിര്‍മാണം വൈകിയപ്പോള്‍ നാട്ടുകാരുടെ സമ്മര്‍ദമുണ്ടായി. കൂളിമാട് പാലത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു കോടി മതിയാവില്ലെന്ന് വിലയിരുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍ പാലം കിഫ്ബിയില്‍ ഉള്‍പെടുത്തുന്നു. കരാര്‍ യു.എല്‍.സി.സി ഏറ്റെടുത്തു. യഥാര്‍ഥത്തില്‍ എളമരം പാലത്തിന് വര്‍ക് എടുത്ത പി.ടി.എസിന് തന്നെയായിരുന്നു കൂളിമാട് പാലത്തിന്റെ നിര്‍മാണവും ആദ്യം ലഭിച്ചിരുന്നത്. ഇത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കുകയായിരുന്നു. 19 കോടിയുടെ പ്രവര്‍ത്തി ഊരാളുങ്കല്‍ ഏറ്റെടുത്തപ്പോള്‍ 25 കോടിയാക്കി ഉയര്‍ത്തികൊടുത്തതും ഈ സമയം കൂട്ടി വായിക്കണം. 2019ല്‍ കൂളിമാട് പാലം പണി തുടങ്ങി. എളമരം പാലത്തിന്റെ പണിയും പുരോഗമിച്ചു. രണ്ട് പാലവും ഒരേസമയം തുറന്നുകൊടുക്കാനാവുമെന്ന പ്രതീക്ഷക്കിടെ വെള്ളപ്പൊക്കവും കോവിഡും പ്രതിസന്ധി സൃഷ്ടിക്കുന്നു.
സി.പി.എമ്മിനെ പോലെ നിലവാരമില്ലാത്ത രാഷ്ട്രീയം പാലത്തില്‍ കലര്‍ത്തിയാല്‍ മന്ത്രി റിയാസ് രാജിവെക്കണമെന്ന് പറയണം. മരാമത്ത് മന്ത്രി പിണറായിയുടെ മരുമകനാണ്. വര്‍ക് എടുത്തത് പിണറായിയുടെ സ്വന്തം ഊരാളുങ്ങല്‍ സൊസൈറ്റിയുമാണ്. ഊഹത്തിന്റെയോ രാഷ്ട്രീയ വിരോധത്തിന്റെയോ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നില്ല. അന്വേഷണം നടക്കട്ടെ, കൂളിമാട് പാലവും വേഗം പൂര്‍ത്തിയാവട്ടെ.