ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ടീം ഒരുക്കുന്ന പുതിയ സിനിമ സിഐഎ (കോമ്രെയ്ഡ് ഇന്‍ അമേരിക്ക)യുടെ ടീസര്‍ പുറത്തിറങ്ങി. മെക്സിക്കന്‍ അപാരതയ്ക്കു ശേഷം എറണാകുളം മഹാരാജാസ് കോളജ് വീണ്ടും ക്യാമ്പസ് രാഷ്ട്രീയത്തിന് വീറേകുന്ന തരത്തിലാണ് ടീസര്‍. കോളജ് വരാന്തയിലൂടെ മുണ്ട് മാടിക്കുത്തി നടക്കുന്ന ടീസര്‍ ചിത്രം ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കഥ തന്നെയാണ് പറയുന്നതെന്ന സൂചനയാണ് നല്‍കുന്നത്.
ദുല്‍ഖറിനെ ഇടത് അനുഭാവിയായ ഒരു കോളേജ് വിദ്യാര്‍ഥിയായി അവതരിപ്പിക്കുന്ന സിനിമയുടെ ടീസര്‍, ഇന്ന് പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ഗ്രേറ്റ് ഫാദറിനൊപ്പമാണ് പുറത്തിറങ്ങിയത്. ദുല്‍ഖറിന്റെ സാമൂഹ മാധ്യമ പേജുകളിലായും ടീസര്‍ പൊസ്റ്റ് ചെയ്തിട്ടുണ്ട്.
“സാറ് പണ്ട് മഹാരാജാസ് കോളേജിലെ കെ.എസ്.യുക്കാരനായിരുന്നു അല്ലെ? അവിടുത്തെ എസ്.എഫ്.ഐ.ക്കാരുടെ ഇടി അവസാനത്തേതാണെന്ന് കരുതരുത്”, എന്ന അമല്‍ നീരദ് സ്‌റ്റൈല്‍ ഡയലോഗോടെയാണ് ദുല്‍ഖര്‍ ടീസറിലെത്തുന്നത്. പുതുമുഖ നടന്‍ സുജിത് ശങ്കര്‍ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനോട് ഡയലോഗ് പറഞ്ഞ് കോളേജ് വരാന്തയിലൂടെ കിടിലന്‍ ബാഗ്രൗണ്ട്് മ്യൂസിക്കില്‍ സ്റ്റൈലായി നടന്നുനീങ്ങുകയാണ് ടീസറില്‍ ദുല്‍ഖര്‍.
ചുകന്ന പശ്ചാത്തലത്തില്‍ പറക്കുന്ന അമേരിക്കന്‍ കൊടിക്ക് മുന്നിലായി നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രമടങ്ങിയ സിനിമയുടെ പോസ്റ്റര്‍ നേരത്തെ വൈറലായിരുന്നു. അമേരിക്കയുടെ പതാകയിലെ താരകങ്ങള്‍ക്കിടയിലായി കമ്മ്യൂണിസ്റ്റ് ചിഹ്നമായ അരിവാള്‍ ചുറ്റികയും ഉള്‍പ്പെടുത്തിയ പോസ്റ്ററില്‍ വിപ്ലവകാരിയുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. മെയ് അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അമേരിക്കയിലായിരുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാം ചിത്രമാണിത്. പൃഥ്വിരാജ് നായകനായ ‘പാവാട’യുടെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് ചിത്രത്തിന്റെ കഥ. ഗോപി സുന്ദറിന്റേതാണു സംഗീതം.