X

പ്രവാസികളുടെ നിര്‍ബന്ധിത ക്വാറന്റീന്‍ പുനഃപരിശോധിക്കണം: സമദാനി

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ നിന്നു നാട്ടിലെത്തുന്ന യാത്രക്കാര്‍ ഒരാഴ്ചക്കാലം ക്വാറന്റീനില്‍ കഴിയണമെന്ന തീരുമാനം പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാകുമെന്നതിനാല്‍ അത് പുന:പ്പരിശോധിക്കാന്‍ സംസ്ഥാന സര്‍കാര്‍ തയ്യാറാകണമെന്ന് ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി അവശ്യപ്പെട്ടു. ഒമിക്രോണ്‍ വ്യാപനം തടയാനും ജനങ്ങളുടെ ആരോഗ്യ സുരക്ഷക്കുമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ നിയമനിര്‍ദ്ദേശങ്ങള്‍ അനിവാര്യവും പാലിക്കപ്പെടേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോവിഡ് ബാധ വിദേശങ്ങളില്‍ കൂടുതലും നാട്ടില്‍ വളരെ കുറവുമായിരുന്ന മഹാമാരിയുടെ ആദ്യഘട്ടം പോലെയല്ല ഇന്ന് നാട്ടിലും പുറത്തുമുള്ള സ്ഥിതിവിശേഷം.

നാട്ടിലും മറുനാട്ടിലും ഇന്ന് അത് ആപേക്ഷികമാണ്. സംസ്ഥാനത്ത് മറ്റു വിധേനയാണ് നാം അതിനെ നേരിട്ട് കൊണ്ടിരിക്കുന്നത്. അതിനിടയില്‍ ടെസ്റ്റ് പോസിറ്റീവ് പോലും അല്ലാത്ത പ്രവാസിയാത്രക്കാര്‍ ക്വാറന്റീനില്‍ ഇരിക്കണം എന്ന് പറയുന്നത് ശാസ്ത്രീയമാണോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിദേശ ജോലിക്കിടയില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മാത്രമായി ക്വാറന്റീന്‍ വിധിക്കുന്നതിന് ന്യായീകരണമുണ്ടോ എന്ന കാര്യം പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് സമദാനി പറഞ്ഞു.

വിശേഷിച്ചും കുറഞ്ഞ ലീവിന് വന്നുപോകുന്നവര്‍ക്ക് ഈ നിയമം പ്രയാസം സൃഷ്ടിക്കും. സ്വദേശത്തും വിദേശത്തും യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ കോവിഡ് നിവാരണവ്യവസ്ഥകളില്‍ ചിലത് സാഹചര്യത്തിന്റെ അനിവാര്യത കൊണ്ടാണെങ്കിലും പ്രവസികള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഏതാനും മണിക്കൂറുകള്‍ക്കിടയില്‍തന്നെ രണ്ടു തവണ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്ന വ്യവസ്ഥ പ്രവാസികളെ ഏറെ വിഷമത്തിലാഴ്ത്തിയിട്ടുണ്ട്. ഭാരിച്ച പണച്ചെലവ് വെറെയും അവര്‍ വഹിക്കേണ്ടി വരുന്നു.

അവര്‍ക്ക് മേല്‍ കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്‍പിക്കാതെ മറ്റു മാര്‍ഗങ്ങളിലൂടെ രോഗ വ്യാപനം നേരിടാനുള്ള നടപെടികളാണ് ആവശ്യമായിരിക്കുന്നത്. അതിലാകട്ടെ,നാടിലുള്ളവരെയും പ്രവാസികളെയും ഒരു പോലെ കാണുകയും വേണം. കാരണം ഒമിക്രോണ്‍ ബാധ മിക്കവാറും എല്ലാ രാ ജ്യങ്ങളിലെന്ന പോലെ ഏറ്റകുറച്ചിലുകളോടെ നമ്മുടെ നാട്ടിലുമുണ്ട്.

കരിപ്പൂര്‍ റണ്‍വെയുടെ ദൈര്‍ഘ്യം കുറക്കാനുള്ള റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു: സമദാനി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ നടപടിയുടെ പേരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസാ) യുടെ നീളം കൂട്ടാനായി റണ്‍വേയുടെ നിലവിലുള്ള ദൈര്‍ഘ്യം കുറക്കാനുള്ള റിപ്പോര്‍ട്ട് നിര്‍ദ്ദേശം അന്തിമമല്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ പാര്‍ലമെന്റംഗം ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.
ഈ റിപ്പോര്‍ട്ട് നിര്‍ദ്ദേശം കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നതിനാല്‍ അതില്‍ ഇടപെട്ട് ഈ നീക്കം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സമദാനി നേരത്തെ അയച്ച ഇമെയില്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം.

കരിപ്പൂരില്‍ നടന്ന വിമാനപകടത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ശുപാര്‍ശകളുടെയും തത്സംമ്പന്ധമായ നടപടി ക്രമങ്ങളുടെയും നിര്‍വ്വഹണപരമായ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്ന കാര്യം മന്ത്രി മറുപടിയില്‍ പരാമര്‍ശിച്ചു. പ്രസ്തുത കമ്മിറ്റിക്ക് നല്‍കിയിരിക്കുന്ന അധികാര പരിധിയില്‍പെട്ടതാണ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് സംബന്ധിച്ച പഠനവും അതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കലുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയിട്ടിലെന്ന് മന്ത്രി അറിയിച്ചു.

Test User: