X

ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക; കരുത്തായി മുസ്‌ലിം യൂത്ത് ലീഗ് ഡേ നൈറ്റ്

മലപ്പുറം: നവ ഫാഷിസത്തിന്റെ ഭീഷണിക്ക് മുമ്പിൽ അടിപതറാതെ മുന്നോട്ടെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ് ഡേ – നൈറ്റ്‌ മാർച്ച്‌ കരുത്തുറ്റതായി. നേടിയെടുത്ത അവകാശത്തിന്റെ സംരക്ഷണത്തിനായി ഒഴുകിയെത്തിയ സമര യൗവ്വനം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഓർമകളുറങ്ങുന്ന പൂക്കോട്ടൂരിൽനിന്ന് മലപ്പുറത്തേക്ക് അടിവെച്ചുനീങ്ങി. മുസ്ലിംലീഗ് നേതാക്കളുടെ ശ്രമഫലമായി നിയമമായ ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്ന ഉറച്ച മുദ്രാവാക്യമുയർത്തി ഫാഷിസത്തിന്റെ ഭീഷണിക്കെതിരെ യൂത്ത് ലീഗ് മുന്നോട്ടു നടന്നു.

വൈകാരികതയല്ല, വിവേകപൂര്‍വ്വമായ നിലപാടാണ് ലീഗിനുള്ളതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖി ശിഹാബ് തങ്ങള്‍. പറഞ്ഞു.  ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക എന്ന മുദ്രാവാക്ക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡേ നൈറ്റ് മാര്‍ച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഇലക്ഷന്‍ കണ്ട് സീസണ്‍ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളില്‍ മുസ്‌ലിംലീഗിനെ കാണില്ല.

വിഷയാദിഷ്ടിതമായി പക്വമായി നിലപാട് പറയുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. തെരഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠിപ്പിച്ചതാണ്. അന്ന് പലരും അതിനെ തള്ളി പറഞ്ഞപ്പോഴും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിലപാടില്‍ തങ്ങള്‍ ഉറച്ചുനിന്നു. ന്യൂനപക്ഷ വേട്ടക്കെതിരെ ശക്തമായി പോരാടാന്‍ എന്നും മുസ്‌ലിംലീഗ് മാത്രമാണ് മുന്നില്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ പലരും വോട്ടിനും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയും നിലപാടുകളെടുക്കുമ്പോള്‍ വോട്ടും തിരഞ്ഞെടുപ്പുമൊന്നും നോക്കാതെ പക്വതയോടെ നിലപാട് പറയുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. മുസ്‌ലിംലീഗ് പോരാടി നേടിയ ആരാധനാലയ സംരക്ഷണ നിയമം ഉണ്ടെന്നിരിക്കെ പള്ളികളും ചര്‍ച്ചുകളമുടക്കം ഒരു ആരാധനാലയങ്ങള്‍ക്കെതിരെയും നീങ്ങാന്‍ ഭരണകൂടത്തെ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മുസ്‌ലിംലീഗ് ഉണ്ടാകും.

രാജ്യത്തെ ആരാധനാലയങ്ങള്‍ക്കെതിരെ തിരിയുന്നവരെ നേരിടാനുള്ള ഏക ആയുധമാണ് മുസ്‌ലിംലീഗ് നേതാവ് ജിഎം ബനാത്ത്‌വാല പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ആരാധനാലയ സംരക്ഷണ നിയമം. മുസ്‌ലിംലീഗ് എന്തു ചെയ്തുവെന്നതിന് മറുപടി ഇതാണ്. ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്ന് പറഞ്ഞ് കേരള നിയമസഭയില്‍  പ്രമേയം അവതരിപ്പിച്ചത് മുസ്‌ലിംലീഗാണ്.  പൗരത്യ നിയമത്തിനെതിരെയും പാര്‍ലമെന്റിന് അകത്തും പുറത്തും ധീരമായി ഇടപെട്ടത് മുസ്‌ലിംലീഗാണ്. ഇതെല്ലാമാണ് മുസ്‌ലിംലീഗ് ചെയ്തത്. വികാര പ്രകടനത്തോടെ മതേതരത്വത്തിനും സമുദായ ഐക്യത്തിനും ഭിന്നിപ്പുണ്ടാക്കുന്ന നിലപാട് സ്വീകരിച്ച പാരമ്പര്യം ലീഗിനില്ലെന്നും തങ്ങള്‍ ഓരമ്മിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ടി.പി.എം ജിഷാന്‍, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്റഫലി, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, അന്‍വര്‍ മുള്ളമ്പാറ, പിഎ സലാം പങ്കെടുത്തു.

പൂക്കോട്ടൂര്‍ പിലാക്കല്‍ നിന്നും ആരംഭിച്ച മാർച്ച്
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഉത്ഘാടനം മുസ്‌ലിം ലീഗ് അഖിലേന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ്എം. പി അബ്ദുസമദാനി എം. പി നിർവ്വഹിച്ചു. മാര്‍ച്ചില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

webdesk14: