X

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ വർധിക്കുന്നതായി പരാതി

സംസ്ഥാനത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ വർദ്ധിക്കുന്നതായി പരാതി. അക്ഷയ സെന്ററുകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ സർക്കാർ അംഗീകൃതം എന്ന വ്യാജ ബോർഡുമായാണ് പ്രവർത്തിക്കുന്നത്.

പലതവണ പരാതി നൽകിയിട്ടും കാര്യമായ നടപടി ഒന്നും ഉണ്ടാകുന്നില്ലെന്നാണ് അക്ഷയ വെൽഫെയർ അസോസിയേഷന്റെ ആരോപണം. സംസ്ഥാനതൊട്ടാകെ വ്യാപകമായി വ്യാജ റവന്യൂ സർട്ടിഫിക്കറ്റുകളും ബിരുദ സർട്ടിഫിക്കറ്റുകളും നിർമ്മിക്കുന്നുണ്ട് എന്നാണ് പരാതി.

ഓൺലൈൻ സെന്ററുകളുടെ മറവിലാണ് വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പ്രവർത്തിക്കുന്നത്. അക്ഷയ സെന്ററുകൾക്ക് മാത്രം അനുവദിക്കപ്പെട്ടിരിക്കുന്ന ചില സേവനങ്ങളും ഇത്തരം ഓൺലൈൻ സ്ഥാപനങ്ങൾ സാധാരണക്കാരിൽനിന്നും വൻ തുക ഈടാക്കി ചെയ്തുകൊടുക്കുന്നു.

ഓൺലൈൻ സ്ഥാപനത്തിൽനിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് എറണാകുളം സ്വദേശിയായ യുവാവിന് തട്ടിപ്പ് മനസ്സിലായത്. മറ്റൊരാളുടെ വരുമാന സർട്ടിഫിക്കറ്റ് ഈ യുവാവിന്റെ പേരിലേക്ക് തിരുത്തി നൽകുകയായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥർ ബന്ധുമിത്രാദികളുടെ പേരിൽ ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നുണ്ടെന്നും പരാതിയുണ്ട്. അക്ഷയ കേന്ദ്രങ്ങൾ ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അതേ രീതിയിലുള്ള ബോർഡും നിറങ്ങളും ഇവർ ഉപയോഗിക്കുന്നു.

പൊലീസിൽ അടക്കം പരാതികൾ നൽകുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല എന്നാണ് അക്ഷയ വെൽഫെയർ അസോസിയേഷന്റെ ആരോപണം. വ്യാജ സർട്ടിഫിക്കറ്റ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

webdesk13: