പൊലീസില്‍ ജോലിചോദിച്ചാണ് നവകേരള സദസ്സില്‍ പരാതികളുമായി എത്തിയത്. എന്നാല്‍, പരാതി പോയതാവട്ടെ, ഭക്ഷ്യ സുരക്ഷാ വകുപ്പിനും ലൈഫ് മിഷനും സൈനിക് വെല്‍ഫെയര്‍ വകുപ്പിനും.
സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതികളാണ് ലക്ഷ്യംതെറ്റി പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്‍ പോയി വീണത്. പരാതികള്‍ നല്‍കാന്‍ പോയതിനെക്കാള്‍ വലിയ ആശങ്കയിലാണ് ഇപ്പോള്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍.
പൊലീസ് സേനയിലെ ഒഴിവുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നവകേരള സദസ്സ് നടന്ന എല്ലാ മണ്ഡലങ്ങളിലുമെത്തിയാണ് പരാതികള്‍ നല്‍കിയത്. ഫ്രം അഡ്രസില്‍ മുഖ്യമന്ത്രി എന്നെഴുതി 25,000 പരാതികളാണ് ഇവര്‍ നല്‍കിയത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുന്‍പ് നിയമനം നടത്തണമെന്നായിരുന്നു ആവശ്യം. 2019ല്‍ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 13,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിയമനം നടത്തിയത് 3,000ത്തില്‍ താഴെ മാത്രമാണ്. ലിസ്റ്റിന്റെ കാലാവധി നാലുമാസത്തിനകം അവസാനിക്കുകയും ചെയ്യും.
സര്‍ക്കാര്‍ വലിയ ആഘോഷത്തോടെ നടത്തിയ നവകേരള സദസ്സില്‍ച്ചെന്ന് പരാതികള്‍ നല്‍കി, അവയ്ക്ക് ലഭിച്ച രസീതുകളുമായി പ്രതീക്ഷയോടെ കാത്തിരുന്നവരാണ് ഇവര്‍. ആ പ്രതീക്ഷകളെ മുഴുവന്‍ താളം തെറ്റിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പില്‍ ചെല്ലേണ്ട പരാതികള്‍ മോരും മുതിരയും പോലെ പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്‍ കിടക്കുന്നത്.