ദുബൈ: അജ്മാനില്‍ എഫ്.എം റേഡിയോയില്‍ വിളിച്ച് വില വര്‍ധനവിനെ കുറിച്ച് പരാതി പറഞ്ഞ സ്വദേശി വൃദ്ധന് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ഉത്തരവിട്ടു. റേഡിയോയുടെ ‘അല്‍ റാബിയ വല്‍ നാസ്’ എന്ന ലൈവ് പരിപാടിയിലേക്ക് വിളിച്ചാണ് വൃദ്ധന്‍ പരാതിപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍, വൃദ്ധനും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുനല്‍കാന്‍ ശൈഖ് മുഹമ്മദ് ഉത്തരവിട്ടു. കാലതാമസം കൂടാതെ തീരുമാനം നടപ്പാക്കാനായിരുന്നു ഉത്തരവ്.
കൂടാതെ, സാമൂഹിക വികസന മന്ത്രി ഹസ്സ ബിന്‍ത് ഈസ ബു ഹുമൈദിനോട് താഴ്ന്ന വരുമാനമുള്ള പൗരന്മാരുടെ ആവശ്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അതിവേഗം തയാറാക്കി അടുത്ത കാബിനറ്റ് യോഗത്തില്‍ സമര്‍പ്പിക്കാനും ശൈഖ് മുഹമ്മദ് കല്‍പ്പിച്ചു. യുഎഇയിലെ എല്ലാവര്‍ക്കും സുസ്ഥിരതയുള്ളതും അഭിമാനകരവുമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ദേശീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.നേരത്തെ, റേഡിയോയിലേക്കു വിളിച്ച വൃദ്ധനെ പരിഹസിച്ചതിന് അവതാരകനെ റേഡിയോ സ്‌റ്റേഷനില്‍ നിന്നു പുറത്താക്കാന്‍ അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉത്തരവിട്ടിരുന്നു.