X

ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യോഗ കേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടി രംഗത്ത്. കഴിഞ്ഞ ജനുവരിയില്‍ യോഗാകേന്ദ്രത്തില്‍ എത്തിയ തനിക്ക് അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. യുവതി മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരിയായ ആഷിതയാണ് യോഗകേന്ദ്രത്തിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുക്കുന്നത്.

ലൗ ജിഹാദാണെന്ന് ഭീഷണിപ്പെടുത്തി ബലമായാണ് തന്നെ യോഗാകേന്ദ്രത്തില്‍ എത്തിച്ചത്. മതം മാറാതെ ജീവിക്കുന്നതിനുള്ള അവകാശം തനിക്കുണ്ടാകണമെന്ന് അറിയിച്ചെങ്കിലും അതിക്രൂരമായ മര്‍ദന മുറകളാണ് യോഗകേന്ദ്രത്തില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി വന്നത്, അഷിത പറയുന്നു. കെട്ടിയിട്ട് വായില്‍ തുണി തിരുകികയറ്റി വരെ ക്രൂര പീഡനം തുടര്‍ന്നപ്പോള്‍, സഹിക്കാന്‍ കഴിയാത്തത് കൊണ്ട് യോഗാ കേന്ദ്രത്തിന്റെ മതില്‍ചാടി രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.

താന്‍ മുസ്‌ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനായിട്ടാണ് തന്നെ യോഗാ കേന്ദ്രത്തിലെത്തിച്ചത്. അവനെ വേണ്ട എന്ന് പറയുന്നത് വരെ അവര്‍ എന്നെ ആക്രമിച്ചു. കെട്ടിയിട്ട് വായില്‍ തുണി തിരുകിയശേഷം ഉച്ചത്തില്‍ പാട്ടുവെച്ച് തന്നെ അടിക്കുകയായിരുന്നു. ലൗജിഹാദ് എന്ന് പറഞ്ഞാണ് മര്‍ദിച്ചിരുന്നതെന്നും, യുവതി പറഞ്ഞു.

അതേസമയം, കാമുകനെ മതംമാറ്റാനും യോഗ കേന്ദ്രത്തില്‍ ശ്രമമുണ്ടായതായി വിവരം. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച യോഗ കേന്ദ്രത്തിലുളളവര്‍, കാമുകനെ മതംമാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നതായും, ആഷിത വെളിപ്പെടുത്തി. വീട്ടുകാര്‍ക്കൊപ്പം പോയില്ലെങ്കില്‍ കോടതിയിലേക്കത്തുന്നതിനു മുമ്പ് രണ്ടാളും ശവം ആയിരിക്കുമെന്നും കേന്ദ്രത്തിലുള്ളവര്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് പേടിച്ചിട്ടാണ് വീട്ടുകാര്‍ക്കൊപ്പം പോയതെന്നും അഷിത പറഞ്ഞു.

എന്നാല്‍ വീട്ടിലെത്തിയ താന്‍ അവനുമായി കൂട്ട് തുടര്‍ന്നപ്പോള്‍ അവരെല്ലാം ചേര്‍ന്ന് ബലമായിട്ട് തന്നെ പിടിച്ച് വീണ്ടും അവിടെ കൊണ്ടുപോയെന്നും അഷിത പറഞ്ഞു. ആദ്യത്തെ തവണത്തെക്കാള്‍ ക്രൂരപീഡനമായിരുന്നു രണ്ടാമത് അനുഭവിക്കേണ്ടി വന്നത്.

അതിനിടെ, ബന്ധത്തില്‍ നിന്നും താന്‍ പിന്മാറാന്‍ തയ്യാറാകാത്തതോടെ എന്നെ ഭ്രാന്തിയാക്കാനും ശ്രമമുണ്ടായി.
ഇതിനായി അമൃത ആസ്പത്രിയിലാണ് തന്നെ കൊണ്ടു പോയത്. അവിടെ ഒരാഴ്ച താമസിപ്പിച്ചതിനെ തുടര്‍ന്ന് മെന്റല്‍ ഡിസേബിള്‍ എന്ന സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിച്ചതായും അഷിത പറയുന്നു. തന്റെ വാദങ്ങളെ കോടതിയില്‍ നേരിടുന്നതിന് വേണ്ടിയാണ് അത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മെന്റലി ഡിസ്േബിള്‍ ആണെന്ന് തെളിയിച്ചാല്‍ കോടതിയില്‍ തന്റെ വാക്കുകള്‍ക്ക് വിലയുണ്ടാകില്ലെന്നും അഷിത പറഞ്ഞു.

chandrika: