X

ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതികള്‍ ഇനി പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാം; നിയമ ഭേതഗതി ഉടന്‍ ചെയ്യും

ന്യൂഡല്‍ഹി: ഡോക്ടര്‍മാരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ (എന്‍.എം.സി.) നേരിട്ട് പരാതിപ്പെടാനുള്ള എന്‍.എം.സി. നിയമം ഭേദഗതിചെയ്യും. ചികിത്സപ്പിഴവ്, ജോലിയിലെ പെരുമാറ്റദൂഷ്യം തുടങ്ങി ഡോക്ടര്‍മാരുടെ പേരിലുള്ള പരാതികള്‍ രോഗിക്ക് നേരിട്ടോ ബന്ധുക്കള്‍ വഴിയോ ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ അപ്പീല്‍ നല്‍കാന്‍ കഴിയും. ഇതിനായി 2019ലെ എന്‍.എം.സി. നിയമം ഭേദഗതി ചെയ്യാന്‍ ആരോഗ്യമന്ത്രാലയം കരട് മാര്‍ഗരേഖ പുറത്തിറക്കി.

മുപ്പതുദിവസത്തിനുള്ളില്‍ sunilk.gupta35@nic.in എന്ന മെയിലിലേക്കോ മെഡിക്കല്‍ എജ്യുക്കേഷന്‍ പോളിസി സെക്ഷന്‍ അണ്ടര്‍ സെക്രട്ടറി, ആരോഗ്യമന്ത്രാലയം, നിര്‍മാണ്‍ ഭവന്‍ എന്ന വിലാസത്തിലോ അഭിപ്രായം അറിയിക്കാം.

ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിലവിലുണ്ടായിരുന്നപ്പോള്‍ ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ 2019ല്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ പ്രാബല്യത്തില്‍ വന്നതോടെ ഡോക്ടര്‍മാര്‍മാത്രമേ നേരിട്ട് പരാതികളുമായി കമ്മിഷനെ സമീപിക്കാന്‍ പാടുള്ളൂവെന്ന ചട്ടം (എന്‍.എം.സി. നിയമം സെക്ഷന്‍ 30 (3)) കൊണ്ടുവന്നു. ഇതിനെതിരേ പയ്യന്നൂരിലെ നേത്രരോഗവിദഗ്ധനും മെഡിക്കല്‍ ആക്ടിവിസ്റ്റുമായ ഡോ. കെ.വി. ബാബു ആരോഗ്യമന്ത്രാലയവുമായി നടത്തിയ നിരന്തരപോരാട്ടമാണ് നിയമഭേദഗതിക്ക് വഴിതെളിച്ചത്.

webdesk13: