X

ചട്ടവിരുദ്ധമായി കേരള സര്‍വകലാശാല കോഴ്‌സ് അനുവദിച്ചതിന് എതിരെ ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല എ.ഐ.സി.ടി.ഇയുടെ അനുമതി കൂടാതെ രണ്ട് സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ചട്ടവിരുദ്ധമായി സായാഹ്ന കോഴ്‌സ് അനുവദിച്ചത് വിവാദമാകുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസില്‍ മാത്രം നേരിട്ട് നടത്തുന്ന എം.ബി.എ പ്രോഗ്രാം ആദ്യമായാണ് സര്‍വകലാശാലയ്ക്ക് പുറത്തുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്.സര്‍വകലാശാല പഠന വകുപ്പില്‍ നടത്തുന്ന സി.എസ്.എസ് കോഴ്‌സുകള്‍ സര്‍വകലാശാലയ്ക്ക് പുറത്തുള്ള കോളജുകള്‍ക്ക് അനുവദിക്കാന്‍ വ്യവസ്ഥയില്ല.മാത്രമല്ല ഇത് സി.എസ്.എസകോഴ്‌സിന്റെ അക്കാഡമിക് ഗുണ നിലവാരം തകര്‍ക്കുമെന്നും ആക്ഷേപമുണ്ട്.

ഹിന്ദുസ്ഥാന്‍ലാറ്റക്‌സിന്റെ ഉടമസ്ഥതയിലുള്ള എച്ച്. എല്‍.എല്‍. മാനേജ്‌മെന്റ് അക്കാദമി, തിരുവനന്തപുരം മണ്‍വിള കാര്‍ഷിക സഹകരണ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ക്കാണ് കോഴ്‌സ് അനുവദിച്ചിരിക്കുന്നത്.മുപ്പത് പേര്‍ക്ക് വീതമാണ് പ്രവേശനം നല്‍കുന്നത്.വിദ്യാര്‍ഥി പ്രവേശനം, ഫീസ്, അധ്യാപക നിയമനം, അധ്യയനം, മൂല്യനിര്‍ണയം തുടങ്ങിയവയെല്ലാംസ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.സര്‍വ്വകലാശാല ഫീസിന്റെ ഇരട്ടി ഫീസാണ് ഓരോ സെമെസ്റ്ററിനും ഈടാക്കുന്നത്.വിദ്യാര്‍ഥി പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്ഥാപനങ്ങള്‍ നേരിട്ട് സ്വീകരിച്ചുതുടങ്ങി. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റികള്‍ക്കും ട്രസ്റ്റുകള്‍ക്കും മാത്രമേ യൂണിവേഴ്‌സിറ്റി അഫിലിയേഷനും കോഴ്‌സുകളും അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ ലംഘിച്ചാണ് കോഴ്‌സ് നല്‍കിയിട്ടുള്ളത്.

Test User: