കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡി.ജി.പിക്ക് പരാതി. പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് പരാതി നല്‍കിയത്. പോക്‌സോ കേസില്‍ സുധാകരനെതിരേ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനം എന്നാണ് പരാതിയില്‍ പറയുന്നത്.
പോക്‌സോ കേസില്‍ ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍, പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു.
ഈ പരാമര്‍ശത്തിലാണ് ഇപ്പോള്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. പ്രസ്താവന കലാപം ലക്ഷ്യമിട്ടു കൊണ്ടാണെന്നാണ് പരാതിയില്‍ പറയുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വമാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. എം.വി. ഗോവിന്ദനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണം. തിരുവനന്തപുരത്തെ എല്ലാ മാധ്യമങ്ങളുടേയും മേധാവികളെ സാക്ഷികളാക്കണമെന്നും പരാതിയില്‍ പറയുന്നു.