സി.പി.എം ഭരിക്കുന്ന തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക ബാങ്ക് ജീവനക്കാരിയും മറ്റ് ചിലരും ചേര്‍ന്ന് കൈക്കലാക്കിയെന്ന് പരാതി. സംഭവത്തില്‍ തിരുവല്ല മതില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകള്‍ നീന മോഹനും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു.2015 ലാണ് വിജയലക്ഷ്മി മൂന്നര ലക്ഷം രൂപ തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടത്. 5 വര്‍ഷത്തിനുശേഷം പലിശ സഹിതം ആറര ലക്ഷം കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ അക്കൗണ്ട് കാലി.
2022 ഒക്ടോബര്‍ മാസത്തില്‍ തുക പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് പണം മറ്റാരോ മുന്‍പേ പിന്‍വലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തതായി അറിയുന്നത്. ബാങ്ക് നടത്തിയ പരിശോധനയില്‍ ജീവനക്കാരിയായ പ്രീത ഹരിദാസ് ആണ് നിക്ഷേപകയുടെ വ്യാജ ഒപ്പിട്ട് പണം കൈക്കലാക്കിയത് എന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ബാങ്ക് ചെയര്‍മാന്‍ ആര്‍ സനല്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി ആയിരുന്ന ടി രാജപ്പന് വിജയലക്ഷ്മിയും നീനയും പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ പ്രീത ഹരിദാസ് മൂന്ന് മാസത്തിനകം തട്ടിയെടുത്ത തുക തിരിച്ച് നല്‍കാം എന്ന ഉറപ്പ് നല്‍കി ചെക്കും പ്രോമിസറിനോട്ടും നല്‍കിയതായും ഇവ കൈവശം ഉള്ളതായും പരാതിക്കാരി പറഞ്ഞു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും തുക മടക്കി ലഭിക്കാതെ വന്ന സാഹചര്യത്തില്‍ പരാതിക്കാരി സഹകരണ രജിസ്ട്രാര്‍ക്ക് പരാതി ഇമെയില്‍ ആയി നല്‍കി.
സഹകരണ രജിസ്റ്റര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരുടെ ആവലാതി സത്യമാണെന്ന് ബോധ്യമാവുകയും ഏഴ് ദിവസത്തിനകം നിക്ഷേപകയുടെ പണം തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ വിജയകുമാരി വീണ്ടും സഹകരണ രജിസ്ട്രാര്‍ക്ക് പരാതി അയച്ചു. ഏഴ് ദിവസത്തിനകം പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ നോട്ടീസും സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കി. എന്നാല്‍ ഇതുവരെയും നിക്ഷേപത്തുക മടക്കി നല്‍കാന്‍ ബാങ്ക് തയ്യാറായിട്ടില്ല എന്നതാണ് പരാതിക്കാരി പറയുന്നത്.
അതേസമയം പണം തട്ടിയ ജീവനക്കാരിയെ പുറത്താക്കിയെന്നും നഷ്ടമായ പണം നല്‍കേണ്ട ബാധ്യത ബാങ്കിനില്ലെന്നുമാണ് ബാങ്ക് ചെയര്‍മാന്‍ ആര്‍ സനല്‍കുമാറിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം ഉള്ള അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണം എന്നതാണ് പരാതിക്കാരിയുടെ ആവശ്യം.