കോഴിക്കോട് ഗവ.ലോ കോളേജില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിച്ചതായി പരാതി. എല്‍.എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥി നിദുല്‍ ബാബുവാണ് പരാതിക്കാരന്‍. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും കോളേജ് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കുറ്റാരോപിതരെ കോളേജ് അധികൃതര്‍ സംരക്ഷിക്കുകയാണെന്നാണ് കെ എസ് യുവിന്റെ ആക്ഷേപം.
മെസില്‍വച്ച് ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് നിദുല്‍ ബാബുവിന്റെ പരാതി. കോളേജ് മെസ് കമ്മിറ്റി അംഗമായ നിദുലിന് മറ്റു വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കാനുള്ള ഡ്യൂട്ടിയുണ്ട്. സെപ്റ്റംബര്‍ 7ന് ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു.
സുഹൃത്തിനുവേണ്ടി ഭക്ഷണം ചോദിച്ചെത്തിയ മനു വിജയന്‍ എന്ന വിദ്യാര്‍ഥി അനാവശ്യമായി കയര്‍ത്തുസംസാരിക്കുകയും വംശീയത നിറഞ്ഞ തെറികള്‍ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് മനുവിന്റെ സുഹൃത്തുക്കളായ മറ്റ് എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തി ജാതീയമായി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു.
‘നീ ഭക്ഷണത്തില്‍ തുപ്പിയിട്ടിട്ടാണോ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതെന്ന് മനു ചോദിച്ചു. എന്താണുദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണെന്ന് പറഞ്ഞുകൊണ്ട് വംശീയത നിറഞ്ഞ തെറികള്‍ വിളിച്ചു.
ഇതിനുപിന്നാലെ എത്തിയ അഭിഷേക് ടി എം, വരുണ്‍ പി എന്നീ ത്രിവത്സര ബാച്ചിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ സീനിയറിനോട് മോശമായി സംസാരിച്ചുവെന്ന് കുറ്റപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു. നിന്നെപ്പോലെ ഓസിനല്ല, 3000 രൂപ കൊടുത്താണ് ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചു” നിദുല്‍ പരാതിയില്‍ പറയുന്നു.
പരാതിയില്‍ നടപടി വൈകുന്നുവെന്ന ആരോപണം കോളേജ് അധികൃതര്‍ നിഷേധിച്ചു. പരാതി കിട്ടിയശേഷം നിരവധി അവധികളുണ്ടായിരുന്നതിനാലാണ് നടപടി വൈകിയതെന്നും നിയമപ്രകാരം പരിശോധിച്ചാല്‍ പരാതി ലഭിച്ച് മൂന്നാമത്തെ പ്രവൃത്തി ദിനത്തില്‍ തന്നെ പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് പ്രൊഫസറും ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള ധ്യാപകന്‍ അനീസ് പറഞ്ഞു.
”സെപ്റ്റംബര്‍ എട്ടിനാണ് പരാതി ലഭിക്കുന്നത്. അതിനുശേഷം നാല് ദിവസം കോളേജില്‍ പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് നടക്കുകയായിരുന്നു. പിന്നാലെ നിപ മൂലം സെപ്റ്റംബര്‍ 24 വരെ കോളേജ് അടച്ചിട്ടു. അതിനാലാണ് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കഴിയാതിരുന്നത്. നിയമപ്രകാരം പരിശോധിക്കുകയാണെങ്കില്‍ പരാതി ലഭിച്ച് മൂന്നാമത്തെ പ്രവൃത്തി ദിനത്തില്‍ തന്നെ പ്രാരംഭനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും നോട്ടീസ് നല്‍കുകയും ബുധനാഴ്ച ഇരുവരുമായും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അന്വേഷണം നടത്തേണ്ടത് കോളേജിലെ ആന്റി റാഗിങ് സെല്ലും എസ്.സി/എസ്.ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ കമ്മിറ്റിയുമാണ്”അനീസ് പറഞ്ഞു.
നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ് യു നേതൃത്വത്തില്‍ ബുധനാഴ്ച പ്രതിഷേധജാഥ സംഘടിപ്പിച്ചിരുന്നു. ‘കഴിഞ്ഞ ദിവസം ഇരുകൂട്ടരുമായി കോളേജ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷവും നിദുല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നിട്ടും ഇതുവരെ അന്വേഷണ സമിതികള്‍ രൂപീകരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 29ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്’ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹ്‌സിന്‍ പറഞ്ഞു.