യു.പിയിലെ മഥുരയില്‍ മുസ്‌ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. ബൂത്തുതല ഓഫീസര്‍മാര്‍ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌ക്രോളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ജംറുല്‍ നിഷയെന്ന 74കാരി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്യുന്നതിനായാണ് പോളിങ് ബൂത്തിലെത്തിയത്. ജംറുല്‍ നിഷക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം വോട്ടേഴ്‌സ് സ്ലിപ്പ് ലഭിച്ചിരുന്നു. വോട്ടര്‍പട്ടികയിലും ഇവരുടെ പേരുണ്ടായിരുന്നു. എന്നാല്‍, വോട്ടര്‍പട്ടികയില്‍ ജംറുല്‍ എന്ന പേര് മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഇവരുടെ പൂര്‍ണമായ പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ 26ന് മഥുരയില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ 49.9 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ വോട്ടെടുപ്പ് നടന്ന 16 മണ്ഡലങ്ങളില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് മഥുരയിലാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഥുരയില്‍ 60.7 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
മഥുര മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് സാബുവിനും വോട്ട് ചെയ്യാന്‍ സാധിച്ചില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതായിരുന്നു കാരണം. 30 മിനിറ്റോളം തിരഞ്ഞിട്ടും ത?ന്റെ പേര് ലിസ്റ്റില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുഹമ്മദ് സാബു പറഞ്ഞു. മണ്ഡലത്തിലെ മറ്റൊരു വോട്ടറായ സാഹിര്‍ അലി തെന്റ കുടുംബത്തിലെ നാല് പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് അറിയിച്ചു.
തന്റെ 4 മക്കള്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടവകാശം നിഷേധിക്കുകയായിരുന്നുവെന്ന് സാഹിര്‍ അലി പറഞ്ഞു. അതേസമയം, മഥുരയിലെ ഹിന്ദുവിഭാഗത്തില്‍ നിന്നുള്ളവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു പ്രയാസവും നേരിട്ടില്ലെന്ന് സ്‌ക്രോളിനോട് പ്രതികരിച്ചു.