ഉത്തർപ്രദേശിലെ ഝാൻസിയിൽ നവരാത്രിയുമായി ബന്ധപ്പെട്ട് നടത്തിയുന്ന ഗർബ, ദണ്ഡിയ (നൃത്ത പരിപാടികൾ) പരിപാടിക്ക് എത്തിയ മുസ്‌ലിം അവതാരകയെ പുറത്താക്കിയതായി പരാതി. ഉത്തർപ്രദേശിലെ കാൺപൂരിൽ ‘ഗർബ, ദണ്ഡിയ’ പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ മർദിച്ച് പുറത്താക്കിയ സംഭവത്തിന് പിന്നാലെയാണിത്.
ദണ്ഡിയ ചടങ്ങ് നടക്കുന്ന ഹാളിൻ്റെ ഉടമ സ്റ്റേജിലെത്തുകയും അവതാരിക സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ മൈക്ക് ഓഫ് ചെയ്യുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്‌തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുസ്‌ലിം അവതാരക വേദി വിടുന്നത് വരെ സൗണ്ട് സിസ്റ്റവും പവറും ഓൺ ചെയ്യില്ലെന്ന് വേദിയുടെ ഉടമ തന്നോട് പറഞ്ഞതായി പരിപാടിയുടെ സംഘാടകൻ മായങ്ക് അനുരാഗി പറഞ്ഞു. മുസ്‌ലിം അവതാരക വേദി വിട്ടതിന് ശേഷമാണ് ദണ്ഡിയ ചടങ്ങ് ആരംഭിച്ചതെന്നും മായങ്ക് അനുരാഗി പറഞ്ഞു.
‘പരിപാടിയുടെ അവതാരക ആരാണെന്നും വ്യക്തിയുടെ പേരും ഞങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ ഒട്ടിക്കുകയും ബാനറുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം ഒരു അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല,’ അനുരാഗി പറഞ്ഞു.
തനിക്കുണ്ടായ അപമാനത്തിനെതിരെ പ്രതികരിച്ച് അവതാരകയും മുന്നോട്ടെത്തിയിട്ടുണ്ട്. കലാകാരന്മാർ ഏതെങ്കിലും ഒരു സമുദായത്തിലോ മതത്തിലോ പെട്ടവർ മാത്രം ആകില്ലെന്ന് അവർ പ്രതികരിച്ചു.
‘കല എല്ലാവരുടേതുമാണ്. കലാകാരന്മാർ ഏതെങ്കിലും ഒരു സമുദായത്തിലോ മതത്തിലോ പെട്ടവർ മാത്രം ആകില്ല. ഇത്തരത്തിലുള്ള നിരവധി പരിപാടികൾ ഞാൻ മുമ്പ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മോശമായ അനുഭവം ഉണ്ടായതിൽ വളരെയധികം വിഷമം ഉണ്ടായി,’ അവർ പറഞ്ഞു.
ഝാൻസിയിൽ നടന്ന ഒരു ദണ്ഡിയ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ മതം തിരിച്ചറിയാനായി ആധാർ കാർഡ് പരിശോധിക്കുന്നതിനെ സംഘാടകർ എതിർത്തിരുന്നു. തുടർന്ന് തീവ്ര ഹിന്ദുത്വവാദികളും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും ബഹളമുണ്ടാക്കിയിരുന്നു.