X
    Categories: indiaNews

വയനാട്ടില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് മരുന്ന് മാറി നല്‍കിയെന്ന് പരാതി

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കായി എത്തിയ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്‍കിയതായി പരാതി. മൂക്കിലൊഴിക്കുന്ന മരുന്നിന് പകരം മുതിര്‍ന്നവരുടെ കണ്ണിലൊഴിക്കുന്ന മരുന്ന് നല്‍കിയതായാണ് പരാതി. തരുവണ സ്വദേശി ഇജാസിന്റെ കുട്ടിക്കാണ് മൂക്കടപ്പ് സംബന്ധമായ രോഗം മൂലം ചികിത്സ തേടിയപ്പോള്‍ മരുന്ന് മാറി നല്‍കിയത്. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

നവംബര്‍ 22നായിരുന്നു മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നത്. മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ നിന്നും മാറി നല്‍കിയ പ്രസ്തുത മരുന്ന് ഒരു മാസത്തോളം കുട്ടിക്ക് നല്‍കിയിരുന്നു. പിന്നീട് രണ്ടാമത് മരുന്ന് വാങ്ങാന്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോഴാണ് മരുന്ന് മാറിയതായി കുടുംബം അറിയുന്നത്. മാറി നല്‍കിയ മരുന്നു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഇനത്തില്‍ പെട്ടതാതായതിനാല്‍ കുഞ്ഞിന് നിലവില്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല.

ജനനശേഷം കുടല്‍ സംബന്ധമായ അസുഖത്തിന് വിദഗ്ധ ചികിത്സക്ക് വിധേയനായ കുഞ്ഞിനാണ് മരുന്ന് മാറി ലഭിച്ചതെന്നും തെറ്റ് പറ്റിയ ജീവനക്കര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇജാസ് ഡിഎംഒ ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ദിനംപ്രതി നിരവധി രോഗികളെത്തുന്ന മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ തിരക്കിനിടയില്‍ ഒരേ നിറത്തിലുള്ള മരുന്ന് കുപ്പി എടുത്ത് നല്‍കിയപ്പോള്‍ ജീവനക്കാര്‍ക്ക് പറ്റിയ അബദ്ധമാണെന്നാണ് സൂചന.

 

webdesk11: