പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് ടൗണിലെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടന്നത്. 60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെടുകയും 22 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.
പരാതി അന്വേഷിക്കണമെന്ന് മന്ത്രി റിയാസും പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. പിഎസ് സി അംഗത്വത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
കോഴയിടപാട് സംബന്ധിച്ച ശബ്ദരേഖയും മറ്റ് രേഖകളും പരാതിക്കൊപ്പം പാര്‍ട്ടിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. തന്റെ പേരില്‍ നടന്ന കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് റിയാസും പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി പരാതി വിശദമായി പരിശോധിക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന.