ഫോണിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല മെസേജുകള്‍ അയച്ചെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് സി.പി.എം നേതാവിനെതിരെ നടപടി. ആര്യനാട് ലോക്കല്‍ കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിനായി ഏരിയാ കമ്മിറ്റി അംഗങ്ങളായ ജെ.വേലപ്പന്‍, എസ്.എല്‍.കൃഷ്ണകുമാരി, ഇ.ജയരാജ് എന്നിവര്‍ അടങ്ങുന്ന മൂന്നംഗ കമ്മിഷനെയും സിപിഎം നിയോഗിച്ചു.
എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയ്ക്ക് പഠിക്കുന്നതിനിടെ ഒപ്പം പഠിക്കുന്ന ഷാജി ആവശ്യപ്പെട്ടത് അനുസരിച്ച് കുറച്ച് നോട്ടുകള്‍ വീട്ടമ്മ അയച്ചുകൊടുത്തിരുന്നു. ഇതിനുശേഷം ലോക്കല്‍ കമ്മിറ്റി അംഗം ഫോണിലൂടെ മോശമായ രീതിയില്‍ മെസേജുകള്‍ അയച്ചെന്നാണ് വീട്ടമ്മയുടെ പരാതി.
സമാനമായ സംഭവത്തില്‍ കഴിഞ്ഞ ദിവസം കാസര്‍ഗോഡും സി.പി.എം നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും സന്ദേശമയയ്ക്കുകയും ചെയ്തുവെന്ന പരാതിയില്‍ കാസര്‍ഗോഡ് കോടോം ലോക്കല്‍ സെക്രട്ടറി കെ വി കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
ഫോണില്‍ റെക്കോഡ് ചെയ്ത ഇയാളുടെ സംഭാഷണമുള്‍പ്പെടെയാണ് സി.പി.എം പ്രവര്‍ത്തക പാര്‍ട്ടിയുടെ മേല്‍ക്കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഇതിനുശേഷം കേളു ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോയും ഇവര്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയതോടെയാണ് നടപടി ഉണ്ടായത്.