ശാന്തന്‍പാറയില്‍ സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം ഭൂപതിവ് ലംഘിച്ചെന്ന് പരാതി. രണ്ടുതവണ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാര്‍ – കുമളി സംസ്ഥാന പാതയോരത്താണ് കെട്ടിട നിര്‍മ്മാണം.
ദേവികുളം താലൂക്കിലെ ഏഴ് വില്ലേജുകളില്‍ എവിടേയും വീട് നിര്‍മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എന്‍.ഒ.സി. വേണം. എന്നാല്‍ സി.പി.എം. ശാന്തന്‍പാറ ഏരിയ കമ്മിറ്റി നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് എന്‍.ഒ.സി ഇല്ല. കെട്ടിടത്തിന്റെ ആദ്യനില വാണിജ്യ ആവശ്യത്തിന് വേണ്ടിയുള്ളതാണ്. ഭൂപതിവ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. വില്ലേജ് ഓഫീസര്‍ രണ്ടുതവണ കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കി. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ പേരിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.