കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്നും എട്ടു കോടി രൂപ കൂടി നഷ്ടപ്പെട്ടതായി പരാതി. ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. പിഎന്‍ബിയുടെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജില്‍ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്. എന്നാല്‍ പരിശോധന തുടരുന്നതിനിടെ എട്ട് കോടിയോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി.
നേരത്തേ തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചു നല്‍കിയിരുന്നു. റെയില്‍വേ ലിങ്ക് റോഡ് ബ്രാഞ്ചിലെ മാനേജറായിരുന്ന റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ 2.83 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ച് നല്‍കിയത്. ബാങ്കിന്റെ സ്വന്തം ഫണ്ടില്‍ നിന്നായിരുന്നു പണം നല്‍കിയത്.
റിജിലിനായുള്ള അന്വേഷണം നടക്കുകയാണ്. രണ്ടരക്കോടിയിലേറെ പണം ഫണ്ടില്‍ നിന്ന് നഷ്ടമായിട്ടും മാസങ്ങള്‍ക്ക് ശേഷമാണ് കോര്‍പ്പറേഷന്‍ തിരിച്ചറിഞ്ഞത്. രേഖകള്‍ പലതും സൂക്ഷിച്ചിരുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.