X

എയര്‍ടെല്ലിന് വീട്ടില്‍ നെറ്റ് വര്‍ക്ക് ലഭിച്ചില്ലെന്ന പരാതി; ഉപഭോക്താവിന് 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

എയര്‍ടെല്ലിന് വീട്ടില്‍ നെറ്റ് വര്‍ക്ക് ലഭിച്ചില്ലെന്ന പരാതിയില്‍ ഉപഭോക്താവിന് 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പത്തനംതിട്ട എയര്‍ടെല്‍ മാനേജര്‍ക്കും കമ്പനിക്കുമാണ് കമീഷന്‍ പിഴയിട്ടത്.

വെട്ടിപ്പുറം സ്വദേശി റിക്കി മാമന്‍ പാപ്പി പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 2999 രൂപ മുടക്കി റിക്കി എയര്‍ടെല്‍ സിം റീചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ വീടിന്റെ ഭാഗങ്ങളില്‍ നെറ്റ് വര്‍ക്ക് കണക്ഷന്‍ കിട്ടാത്ത അവസ്ഥയായെന്നാണ് പരാതി. വിവരം എയര്‍ടെലിന്റെ പത്തനംതിട്ട സ്റ്റോറിലെ ഉദ്യോഗസ്ഥരോടും കമ്പനിയേയും നേരിട്ടും ടെലിഫോണ്‍ മുഖാന്തരവും അറിയിച്ചിട്ടും നെറ്റ് വര്‍ക്ക് കണക്ഷന്‍ തരാന്‍ കഴിഞ്ഞില്ലെന്നും അഭിഭാഷകനായ തനിക്ക് രാത്രി കാലങ്ങളില്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് ജോലി ഉണ്ടെന്നും അതിനാണ് 2,999 രൂപാ കൊടുത്ത് ഒരു വര്‍ഷത്തേയ്ക്ക് എയര്‍ടെലിന്റെ നെറ്റ് വര്‍ക്ക് കണക്ഷനെടുത്തതെന്നും മറ്റും കമ്പനിയെ നേരിട്ടറിയിച്ചു.

വെട്ടിപ്പുറത്ത് എയര്‍ടെല്‍ വാടകക്കെടുത്ത ടവറിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതിയ ടവര്‍ മൂന്ന് മാസത്തിനകം വരുമെന്നും അപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു ഹര്‍ജിക്കാരന് എതിര്‍കക്ഷി നല്‍കിയ ഉറപ്പ്. കരാറുകാരനുമായുളള തര്‍ക്കങ്ങള്‍ മറച്ചുവച്ചാണ് കമ്പനി ഹരജിക്കാരന് റീചാര്‍ജ് പ്ലാന്‍ ചെയ്തുകൊടുത്തത്.

അടച്ച 2,999 രൂപ പലിശ സഹിതം തിരികെ നല്‍കാനും 20,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചിലവ് ഇനത്തിലും ഹരജികക്ഷിയ്ക്ക് നല്‍കാന്‍ കമീഷന്‍ എതിര്‍കക്ഷികളോട് ഉത്തരവിട്ടു.

 

webdesk17: