കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34)യാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജോലിക്കാരനാണ് ഷബീര്‍.

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് കാരണമെന്നാണ് യുവാവിന്റെ ആരോപണം. സ്ഥാപനത്തിന്റെ എംഡിയാണ് പിന്നിലെന്നുമാണ് ഷബീറലി പറയുന്നത്. മാര്‍ക്കറ്റിങ് ഏജന്‍സി ഉടമയായ ഫിറോസ് ഖാനെതിരെ ഷബീറലി കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കോടഞ്ചേരിയിലെ റിസോര്‍ട്ടിലെത്തിച്ചും താമരശ്ശേരിയിലെ താമസമില്ലാത്ത വീട്ടിലെത്തിച്ചും പൂര്‍ണ നഗ്‌നനാക്കിയ ശേഷം ആക്രമിക്കുകയും തുടര്‍ന്ന് ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പരാതിയില്‍ പറയുന്നു. അവശാനായ തന്നെ ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി ടൗണില്‍ ഉപേക്ഷിച്ചതാണെന്നും ഷബീര്‍ പറയുന്നു.

പരിക്കേറ്റ ഷബീര്‍ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

 

webdesk17:
whatsapp
line