പ്രമുഖ പാക് ക്രിക്കറ്റ് അവതാരക സൈനബ് അബ്ബാസിനെ ഇന്ത്യ തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നടപടിയെന്നാണു വിവരം. ഐ.സി.സിയുടെ ലോകകപ്പ് അവതാരകരുടെ പട്ടികയിലുള്ള സൈനബ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്.
35കാരിയായ സൈനബിന്റെ ഏതാനും ഹിന്ദു വിരുദ്ധ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ കുത്തിപ്പൊക്കിയതോടെ അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആഭ്യന്തര മന്ത്രിക്കും ബി.സി.സി.ഐക്കും പരാതി നല്‍കിയിരുന്നു.
ഭാരതത്തിനും ഹിന്ദു ധര്‍മത്തിനുമെതിരായ അവഹേളനപരവും പ്രകോപനപരവുമായ പോസ്റ്റുകളിട്ട ഐ.സി.സി ലോകകപ്പിലെ അവതാരകയെ നീക്കണമെന്നായിരുന്നു ആവശ്യം. ‘അതിഥി ദേവോ ഭവ’ എന്നത് നമ്മുടെ രാജ്യത്തെയും ഹിന്ദു ധര്‍മത്തെയും ബഹുമാനിക്കുന്നവര്‍ക്ക് മാത്രമാണെന്നും ഭാരത വിരുദ്ധരെ നമ്മുടെ നാട്ടില്‍ സ്വാഗതം ചെയ്യുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലെത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍നിന്ന് സൈനബിനെതിരെ വന്‍തോതില്‍ സൈബറാക്രമണം നടന്നിരുന്നു. സുപ്രിംകോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ഇവര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. ഹിന്ദു വിശ്വാസത്തെയും ഇന്ത്യയെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നാണു പരാതിയിലുണ്ടായിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ബി.സി.സി.ഐയ്ക്കും വിനീത് പരാതി നല്‍കിയത്.