X

കരിപ്പൂരില്‍ പാര്‍ക്കിങിന് അധിക തുക ഈടാക്കുന്നുവെന്ന പരാതി; തര്‍ക്കത്തിന് നില്‍ക്കരുതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി

പാർക്കിങ്ങിന്റെ പേരില്‍ കരിപ്പൂർ വിമാനത്താവളത്തില്‍ അധിക തുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതോടെ നടപടിയുമായി എയര്‍പോര്‍ട്ട് അതോറിറ്റി. പണം പിരിക്കുന്ന കരാറുകാർക്കും ബൂത്തിലിരിക്കുന്ന തൊഴിലാളികള്‍ക്കും അതോറിറ്റി കർശന നിർദേശം നല്‍കി.

യാത്രക്കാർ പാർക്കിങ് നിരക്ക് ചോദ്യം ചെയ്യുകയാണെങ്കില്‍ തർക്കത്തിനും അപമര്യാദയായുള്ള ഇടപെടലിനും നില്‍ക്കാതെ വാഹനത്തിന്റെ രജിസ്റ്റർ നമ്ബർ സഹിതം വിവരം വിമാനത്താവള അഡ്മിനിസ്‌ട്രേഷൻ ഓഫീസില്‍ അറിയിക്കാൻ നിർദേശം നല്‍കിയതായി വിമാനത്താവള ഡയറക്ടറുടെ ചുമതലയിലുള്ള സി വി രവീന്ദ്രൻ അറിയിച്ചു.

തർക്കമുന്നയിക്കുന്നവരുടെ വാഹനങ്ങള്‍ ബൂത്തിനു മുന്നില്‍ പിടിച്ചിടാതെ കടത്തിവിടണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചാല്‍ പരിശോധിച്ച ശേഷം പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് തുടർനടപടികള്‍ സ്വീകരിക്കും. പണം പിരിക്കുന്നവർ അപമര്യാദയായി പെരുമാറുകയോ നല്‍കേണ്ട തുക സംബന്ധിച്ച്‌ സംശയം തോന്നുകയോ ചെയ്താല്‍ യാത്രക്കാർ ബഹളത്തിന് നില്‍ക്കാതെ ടെർമിനല്‍ മാനേജറുടെ ഓഫീസുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. ടെർമിനല്‍ മാനേജറുടെ ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കും.

കഴിഞ്ഞ ദിവസം യാത്രക്കാരന് മർദനമേറ്റ സംഭവത്തില്‍ കരിപ്പൂർ പൊലീസ്കേസെടുത്ത് അന്വേഷണമാ രംഭിച്ചിട്ടുണ്ട്. ഉംറ തീർത്ഥാടകനാണ് ക്രൂര മർദനമേറ്റെന്ന പരാതി വന്നത്. മലപ്പുറം വെള്ളുവമ്ബ്രം സ്വദേശി റാഫിദിനാണ് മർദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ ടോള്‍ ജീവനക്കാരൻ മർദിച്ചുവെന്നായിരുന്നു പരാതി. ടോള്‍ ഗേറ്റില്‍ 27 മിനിറ്റ് കൊണ്ടാണ് എത്തിയത്. എന്നാല്‍ ടോള്‍ ജീവനക്കാർ ഇവരില്‍ നിന്നും ഒരു മണിക്കൂറിന്റെ തുക ഈടാക്കുകയായിരുന്നു.

ചാർജ് ഷീറ്റ് പ്രകാരം 30 മിനിറ്റ് നേരത്തേക്ക് 40 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്. ഇത് റാഫിദ് ടോള്‍ ജീവനക്കാരെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജീവനക്കാർ റാഫിദിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
കരിപ്പൂർ എയർപോർട്ടിലെ ടോള്‍ പ്ലാസ തട്ടിപ്പ് സംബന്ധിച്ച്‌ നേരത്തേയും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

webdesk13: