X

ഷുഹൈബ് വധം : ചട്ടങ്ങള്‍ മറികടന്ന്  പ്രതി ആകാശിന്റെ പെണ്‍കുട്ടിയുമായുള്ള കൂടിക്കാഴ്ച,  അന്വേഷണം പ്രഖ്യാപിച്ചു

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യനോട് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ച്ചക്ക് അവസരം നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് സുധാകരനാണ് പരാതി നല്‍കിയത്.

ഷുഹൈബ് വധക്കേസ് പ്രതികളുടെ സെല്‍ പൂട്ടാറില്ല. മൂന്ന് ദിവസങ്ങളിലായി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നല്‍കി. ആകാശ് തില്ലങ്കേരി അടക്കം ഉള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നെന്നും സുധാകരന്‍ ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതി നല്‍കിയത്

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസ് ഈ മാസം 23ന് വിശദമായി പരിഗണിക്കുമെന്നും അതുവരെ അന്വേഷണം സ്‌റ്റേ ചെയ്യുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. കേസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. അതിനിടെ അന്വേഷണം സിബിഐക്ക് വിട്ടത് അപക്വമാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ അപ്പില്‍ നിലനില്‍ക്കുന്നതല്ല എന്ന് ഷുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കേസ് വിശദമായി 23ന് പരിഗണിക്കാം എന്ന് വ്യക്തമാക്കി ഡിവിഷന്‍ ബഞ്ച് സി.ബി.ഐ അന്വേഷണം സ്‌റ്റേ ചെയ്യുകയായിരുന്നു.

കണ്ണൂരിലെ തെരൂരില്‍ കടയില്‍നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തിനു ശേഷം ഷുഹൈബിനെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുമ്പ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.

ഷുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരടക്കം മൂന്ന് സാക്ഷികള്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. തുടര്‍ന്ന് ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു

chandrika: