തിരുവനന്തപുരം: 2017ല്‍ കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശി കെഎന്‍ ശിവന്‍ എന്ന വ്യക്തി 2017 ഏപ്രിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീറാമിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.
വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതായി അന്നു സബ് കളക്ടറായിരുന്ന ശ്രീറാമിനു ശിവന്‍ പരാതി നല്‍കി. എന്നാല്‍ ശ്രീറാം നടപടിയെടുത്തില്ലെന്നു മാത്രമല്ല, നടപടി എടുത്തതായി കാണിക്കുന്ന വ്യാജ രേഖകള്‍ ഉണ്ടാക്കുകയും ചെയ്‌തെന്ന് ശിവന്റെ സഹോദര പുത്രന്‍ കെബി പ്രദീപ് ആരോപിക്കുന്നത്.
പരാതിയിലെ തുടര്‍നടപടികളറിയാന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഓഫീസില്‍ വിവരാവകാശം നല്‍കി. എന്നാല്‍, പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു 4 തവണ നോട്ടീസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രദീപ് പറയുന്നു. എന്നാല്‍ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് പ്രദീപ് ആരോപിക്കുന്നത്.
ഇക്കാര്യത്തില്‍ മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിച്ചു. അതിനാല്‍ ഭൂമി തട്ടിയെടുത്തവരെപ്പോലെ തന്നെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.