കോട്ടയം: ജലന്ദര്‍ രൂപത ബിഷപ് ലൈംഗികമായി പിഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി മറച്ചുവെച്ച സംഭവത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഐ.ജിക്ക് പരാതി. പീഡനം മറച്ചുവെച്ച കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഐ.ജിക്ക് പരാതി ലഭിച്ചത്. കര്‍ദിനാള്‍ സംഭവം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാതെ ഒത്തു തീര്‍പ്പാക്കാന്‍ നോക്കിയെന്നും പരാതിയില്‍ പറയുന്നു. എറണാകുളം സ്വദേശി ജോണ്‍ ജേക്കബാണ് പരാതി നല്‍കിയത്.
ലൈംഗികമായും മാനസികമായുമുള്ള പീഡനങ്ങള്‍ വിവരിച്ച് 2016 ആഗസ്റ്റിലാണ് സീറോ മലബാര്‍ സഭ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കന്യാസ്ത്രീ പരാതി നല്‍കിയത്.
2014 മെയില്‍ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളക്കല്‍ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠത്തിന് സമീപത്തെ ഗെസ്റ്റ് ഹൗസില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടര്‍ന്നുവെന്നുമാണ് പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയെ കുറിച്ച് അറിഞ്ഞെങ്കിലും അത് മറച്ചുവെക്കാനും ഒത്തു തീര്‍പ്പാക്കാനുമാണ് കര്‍ദിനാള്‍ ശ്രമിച്ചത്.
അതേസമയം, ബിഷപ്പിനെതിരായ പരാതിയില്‍ കോട്ടയം പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. മജിസ്‌ട്രേറ്റിനു മുമ്പാകെ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതിനിടെ കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. ജലന്ധറില്‍ നിന്നുള്ള ഒരു സംഘം കോട്ടയത്തെത്തി കന്യാസ്ത്രീയെ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.