തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജ സംസ്ഥാന ഖജനാവില്‍നിന്നും അനധികൃതമായി മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് ഇനത്തില്‍ പണം വാങ്ങിയെടുത്തതിനെതിരെ കെ.എം ഷാജഹാന്‍ വിജിലന്‍സിന് പരാതി നല്‍കി.
വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ടിനാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജരേഖകള്‍ തയാറാക്കി മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് വഴി ആരോഗ്യ മന്ത്രി പണം വാങ്ങിയതില്‍ 3,90,250 രൂപ ഖജനാവിന് നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. കൂടാതെ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് സംബന്ധിച്ച് 1994ല്‍ എം.എല്‍.എമാര്‍ക്കായി നിയമസഭ പാസാക്കിയ നിയമവും ലംഘിക്കപ്പെട്ടു. പരാതിക്കൊപ്പം മന്ത്രിയുടെ കുടുംബത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സിച്ച രേഖകളും കൈമാറി.ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ് ഭാസ്‌കരനെ കിടത്തി ചികിത്സിക്കാനുള്ള ഗുരുതരമായ അസുഖങ്ങള്‍ ഒന്നുമില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരു പൊതുപ്രവര്‍ത്തകന്റെ ഭാഗത്തുനിന്നും ഗുരുതരമായ കുറ്റകൃത്യമാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അഴിമതി നിരോധന നിയമം മന്ത്രി ലംഘിച്ച സാഹചര്യത്തില്‍ കുറ്റവാളികളെ അന്വേഷണം നടത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ഷാജഹാന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് വിവാദത്തില്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ തെറ്റ് സമ്മതിച്ചു. ഭര്‍ത്താവിനെ കിടത്തി ചികിത്സിച്ചിരുന്നു. ഇല്ലായെന്ന് രേഖപ്പെടുത്തിയത് ക്ലറിക്കല്‍ പിശകാണെന്നും അവര്‍ പറഞ്ഞു. അതേസമയം, മന്ത്രി ശൈലജക്കെതിരായ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് വിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. അന്വേഷണ സംഘത്തിന്റെ വിവരങ്ങള്‍ പുറത്ത് പോകരുതെന്ന കര്‍ശന നിര്‍ദേശം വിജിലന്‍സ് ഡയരക്ടര്‍ ലോക്നാഥ് ബെഹ്റ നല്‍കിയിട്ടുണ്ട്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ കുടുംബത്തിന്റെ ചികിത്സ പതിനായിരങ്ങള്‍ ചെലവാക്കി സ്വകാര്യ ആസ്പത്രികളില്‍ നടത്തിയത് വിവാദമായിരുന്നു. നവംബര്‍ വരെ ചെലവാക്കിയത് 3,81,876 രൂപയാണ്. മന്ത്രിയുടെ ഭര്‍ത്താവിനെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സിച്ചതും ചട്ടങ്ങള്‍ ലംഘിച്ചാണ്.