തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. എ.കെ.ജി സെന്ററിനു നേരെയുണ്ടായ പടക്കമേറില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.
കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ഇപിക്കും ശ്രീമതിക്കുമെതിരെ ചുമത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തിങ്കളാഴ്ച വാദം കേള്‍ക്കാമെന്ന് അറിയിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
എ.കെ.ജി സെന്ററിനു നേരെ ആക്രമണം നടന്ന രാത്രിയില്‍ ഇപിയും ശ്രീമതിയും നടത്തിയ പ്രസ്താവനകള്‍ മുന്‍നിര്‍ത്തിയാണ് ഹര്‍ജി. ആക്രമണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായി. പ്രസ്താവന കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് കണക്കാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്.
ജൂണ്‍ 30ന് രാത്രിയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞത്. സംഭവം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ അന്വേഷണസംഘത്തിന് സാധിക്കാത്തത് സിപിഎം ബന്ധമുള്ളതിനാലാണെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.