ഡോക്ടര്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന വിവാദ സംഭവത്തില്‍ ഇടനില നിന്നെന്ന് ആരോപിക്കപ്പെടുന്ന അഖില്‍ സജീവിനെതിരെ മുമ്പും പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്ത് ഒരു വര്‍ഷമായിട്ടും അഖില്‍ സജീവിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
അഖില്‍ സജീവ് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് സി.ഐ.ടിയു പത്തനംതിട്ട ജില്ലാ നേതൃത്വം ആണ് പരാതി നല്‍കിയത്. പത്തനംതിട്ട പൊലീസ് 2022 ജൂലൈയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ഇതുവരെ ഇയാളെ പിടികൂടാനായിട്ടില്ല.
വള്ളിക്കോട്ടെ അഖില്‍ സജീവിന്റെ വീട് അടച്ചിട്ട നിലയിലാണുള്ളത്. ധാരാളം ആളുകള്‍ അഖിലിനെ അന്വേഷിച്ച് വരാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
സി.ഐ.ടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അംഗങ്ങളുടെ ലെവിയില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വ്യാജ സീലും വ്യാജ ഒപ്പും ഉപയോഗിച്ച് ബാങ്കിന്റെ വ്യാജ വൗച്ചര്‍ വരെ നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തിയത്.
3 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. അന്ന് സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്നു ഇയാള്‍. ടൂറിസം വകുപ്പിലും ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും ജോലി ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തും ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.