അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വിജിലന്‍സിനും പി.എസ്.സിക്കും പരാതി ലഭിച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപിക തന്നെ ചോര്‍ത്തിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതി.
2023 ജൂലൈ 3ന് സംസ്‌കൃതം വേദാന്തം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പി.എസ്.സി എഴുത്തുപരീക്ഷ നടന്നിരുന്നു. പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ആഗസ്റ്റില്‍ ചുരുക്കപ്പട്ടികയും പി.എസ്.സി പ്രസിദ്ധീകരിച്ചു. 26 പേരാണ് വിവിധ കാറ്റഗറികളിലായി പട്ടികയിലുള്ളത്. എന്നാല്‍ പട്ടികയില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ നടത്തിയ അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്ന സംശയത്തിലേക്ക് എത്തിക്കുകയായിരുന്നു.
‘ചോദ്യപേപ്പര്‍ തയ്യാറാക്കിയ സംഘത്തില്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ സംസ്‌കൃത അധ്യാപികയായ ഡോ. ഗായത്രിദേവി ജി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരും മറ്റ് രണ്ട് അധ്യാപകരും തയ്യാറാക്കിയ ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നതായാണ് സംശയം. ഈ ചോദ്യപ്പേപ്പറുകള്‍ ഗായത്രിദേവിയുടെ സുഹൃത്തും ഉദ്യോഗാര്‍ഥിയുമായ ഡോ. ശാന്തിനി വി.എം എന്ന ഉദ്യോഗാര്‍ഥിക്ക് നല്‍കിയോ എന്നാണ് സംശയമുള്ളത്. പരീക്ഷയുടെ തലേദിവസങ്ങളില്‍ ശാന്തിനി ഗായത്രിദേവിയുടെ വീട്ടിലാണ് താമസിച്ചത്. അതിനാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി തങ്ങള്‍ സംശയിക്കുന്നെന്നാണഅ ഉദ്യോഗാര്‍ഥികള്‍ പരാതിയില്‍ പറയുന്ന ആരോപണം.
ചുരുക്കപ്പട്ടികയിലും ശാന്തിനിയുടെ പേര് ഉള്‍പ്പെട്ടതും ഉദ്യോഗാര്‍ഥികള്‍ക്ക് സംശയം കൂട്ടാനിടയായി. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ വിജിലന്‍സ് മേധാവി, പി.എസ്.സി വിജിലന്‍സ്, പി.എസ്.സി ചെയര്‍മാന്‍, പി.എസ്.സി സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി.