കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവെന്ന് പരാതി. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതര്‍ മരുന്ന് മാറി നല്‍കി. എക്‌സ് റേ റിപ്പോര്‍ട്ട് മാറിപ്പോയതാണ് പിഴവിന് കാരണം. 61 കാരിയായ ലതികയുടെ എക്‌സ്-റേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 34 കാരിയായ അനാമികക്ക് മരുന്ന് നല്‍കിയത്. സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കും എക്‌സ്-റേ വിഭാഗത്തിനുമെതിരെ അനാമിക പരാതി നല്‍കിയിട്ടുണ്ട്.
നടുവേദനയും കാലുവേദനയും മൂലമാണ് അനാമിക ആശുപത്രിയില്‍ എത്തിയത്. റിപ്പോര്‍ട്ടില്‍ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അനാമിക പറഞ്ഞു. വീട്ടില്‍ ചെന്ന് എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്‌സ്‌റേ റിപ്പോര്‍ട്ട് അല്ല എന്ന് മനസ്സിലായതെന്ന് അനാമിക പറയുന്നു.തിരക്കിനിടയില്‍ എക്‌സ്‌റേ റിപ്പോര്‍ട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായി കുടുംബം പരാതിയില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നല്‍കിയിരിക്കുകയാണ്. പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കും എന്നും ആശുപത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കും അനാമിക പരാതി നല്‍കിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്ന് അനാമിക പറഞ്ഞു.