തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് പരാതിയേറുന്നു. കഴിഞ്ഞ പത്തു മാസത്തിനിടെ 8595 പരാതികളാണ് പി.ഡബ്ല്യു.ഡി ഫോര്‍ യു ആപ്പ് വഴി ലഭിച്ചത്. പരാതി അറിയിക്കാനുളള സംവിധാനത്തെ കുറിച്ച് ബോധവാന്‍മാരല്ലാത്തവരുടെ പരാതി ഇതിലുമേറെ വരുമെന്നാണ് വിലയിരുത്തല്‍.
2021 ജൂണിലാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പരാതി അറിയിക്കാനായി പി.ഡബ്ല്യു.ഡി ഫോര്‍ യു ആപ്പ് തുടങ്ങിയത്. ലഭിച്ച പരാതിയില്‍ 13,644 പരാതികളും പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചതായാണ് വകുപ്പിന്റെ അവകാശവാദം.പി.ഡബ്ല്യു.ഡി ഫോര്‍ യു മൊബൈല്‍ ആപ്പ് ആരംഭിച്ചത് മുതല്‍ നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും ആരംഭിച്ചു.പി.ഡബ്ല്യു.ഡി ഫോര്‍ യു വഴി ലഭിച്ച പരാതികളില്‍ 75 ശതമാനത്തോളം ഇതുവരെ പരിഹരിച്ചിട്ടുണ്ട്. ഒരാഴ്ച കൊണ്ടോ, മൂന്ന് മാസം കൊണ്ടോ തീര്‍ക്കാവുന്ന രീതിയിലാണ് പരാതികളെ തരംതിരിക്കുന്നത്. കൂടുതല്‍ സമയമെടുത്ത് ചെയ്യേണ്ട പരാതികളില്‍ സമയമെടുത്ത് പരിഹാരം കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പരാതികള്‍. എറണാകുളം ഡിവിഷനിലെ 1362 ഉം മൂവാറ്റുപുഴ സബ്ഡിവിഷന്‍ 1005 ഉം ഉള്‍പ്പെടെ 2367 പരാതികളാണ് ലഭിച്ചത്.
മറ്റു ജില്ലകളിലെ പരാതികളുടെ എണ്ണം: തിരുവനന്തപുരം 1984, കൊല്ലം 1346, ആലപ്പുഴ 1211, പത്തനംതിട്ട 952, കോട്ടയം 1603, ഇടുക്കി 795, തൃശ്ശൂര്‍ 1388, പാലക്കാട് 1018, മലപ്പുറം 1752, കോഴിക്കോട് 1643, വയനാട് 380, കണ്ണൂര്‍ 1489, കാസര്‍കോട് 667. എന്നിങ്ങനെയാണ്.