X
    Categories: indiaNews

പശുവിറച്ചി വിറ്റെന്നാരോപിച്ച് മര്‍ദ്ദനം: ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഗുവാഹത്തി: പശു മാംസം വിറ്റെന്നാരോപിച്ച് അസമിലെ മധുപുരില്‍ ആക്രമണത്തിന് ഇരയായ ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഒക്ടോബര്‍ 2 നകം ഷൗകത്ത് അലിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

2019 ഏപ്രില്‍ 7 ന് ബിശ്വനാഥ് ചാരിയാലിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍വെച്ചാണ് ഇദ്ദേഹം അക്രമിക്കപ്പെട്ടത്. തന്നെ അക്രമികള്‍ മര്‍ദ്ദിക്കുമ്പോള്‍ പൊലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നെന്ന് ഷൗക്കത്തലി വ്യക്തമാക്കിയിരുന്നു.

പൊലീസിന്റെ നടപടി ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവ് ദെബബ്രത സൈകിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് നാല് ആഴ്ചയ്ക്കുള്ളില്‍ ഇത് വിശദീകരിക്കാന്‍ എന്‍.എച്ച്.ആര്‍സി ഡി.ജി.പിയോട് നിര്‍ദ്ദേശിക്കുകയും ഈ നിര്‍ദ്ദേശം അവഗണിക്കുകയാണെങ്കില്‍ ഉചിതമായ നിയമങ്ങള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി ദെബബ്രതയുടെ പ്രസ്താവനയില്‍ പറയുന്നു.

 

chandrika: