X

സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യം

സഫാരി സൈനുൽ ആബിദീൻ

കലഹങ്ങളും ഭിന്നിപ്പുകളും മാനവ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രം പരിശോധിച്ചാലും നമുക്കിതു ബോധ്യമാകും. സമ്പന്നമായ നാട്ടു രാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യാ ഉപഭൂഘണ്ഡം രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് അധിനിവേശത്തിലേക്ക് വഴുതി വീണത് പരസ്പര ഭിന്നിപ്പിന്റെയും ഏറ്റുമുട്ടലുകളുടെയും ഫലമായിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യം 1947ൽ ഇന്ത്യ വിട്ടു പോകുമ്പോൾ അവിഭക്ത ഇന്ത്യാ ദേശം ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. ബ്രിട്ടീഷുകാരുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ അക്കാലത്തും സമസ്ത വിമർശനം നേരിട്ടിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലാകെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിക്ത ഫലങ്ങൾ ഏറെയനുഭവിച്ച ഒരു സമുദായമാണ് മുസ്ലിം സമുദായം. അതിന്റെ ദുരന്ത ഫലങ്ങളിൽ നിന്നു കരകയറാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നുവെന്നത് വർത്തമാന കാല യാഥാർത്ഥ്യമാണ്. കേരള മുസ്ലിംകൾക്കിടയിലെ ധാർമിക, നവോത്ഥാന, രാഷ്ട്രീയ മുന്നേറ്റങ്ങൾ അതിനു കാരണമായിട്ടുണ്ട്. ഇതിൽ മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ധർമ പാതയിലെ വഴികാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്. അതേസമയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ കൂടുതൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുണ്ട്. മുസ്ലിം ജനവിഭാഗം ഗതി നിർണയിക്കുന്ന മണ്ഡലങ്ങൾ അംഗുലീ പരിമിതവുമല്ല. കേരളത്തേക്കാൾ സാമൂഹ്യ നിലവാരം, തൊഴിൽ സാധ്യത എന്നിവയിൽ മുന്നിട്ടു നിൽക്കുന്ന പ്രദേശങ്ങളുമുണ്ട്. പിന്നെയെന്താണ് കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. കേരളത്തിലെ മുസ്ലിംകൾക്ക് മത, രാഷ്ട്രീയ രംഗങ്ങളിൽ കൃത്യമായ നേതൃത്വമുണ്ടായിരുന്നു എന്നതു മാത്രമാണ് അതിനുള്ള ഉത്തരം.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കേരള മുസ്ലിംകൾ വിദ്യാഭ്യാസ പരമായും സാമൂഹ്യമായും ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുമായി ലോകം മുന്നേറുമ്പോൾ അതിന്റെ ചുവടു പിടിച്ചു മുന്നോട്ടു പോകാൻ നാം പര്യാപതരാകണം. ഇതിൽ ഏറെക്കുറെ വിജയിക്കുന്നുണ്ട് എന്നു തന്നെ വേണം കരുതാൻ. മുസ്ലിംകളും ഇതര സമുദായങ്ങളും തമ്മിലുള്ള വൈജ്ഞാനിക, സാമൂഹ്യ അന്തരം കുറഞ്ഞു വരുന്നുണ്ട്. ഏറെ മുന്നേറാനുണ്ടെങ്കിലും ലക്ഷണങ്ങൾ ശുഭകരമാണ്. മുസ്ലിം സമൂഹത്തിന്റെ സാമൂഹ്യ പുരോഗതി വിലയിരുത്തുമ്പോൾ അളവുകോൽ പലപ്പോഴും ഗൾഫ് കുടിയേറ്റവും അറബിപ്പൊന്നും മാത്രമായി ചുരുക്കപ്പെടാറുണ്ട്.

എന്നാൽ കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് സ്ഥാപനങ്ങൾ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകാനായി സമസ്തയുടെ കീഴിൽ നടത്തപ്പെടുന്നുണ്ട്. കേവലം മദ്രസാ വിദ്യാഭ്യാസം മാത്രമായി ഒതുങ്ങുന്നതല്ല സമസ്തയുടെ വൈജ്ഞാനിക ശൃംഖല. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷവും ഭൗതിക തലങ്ങളിൽ യോഗ്യത നേടാവുന്ന വിവിധ കോഴ്സുകൾ കോളേജ് തലങ്ങളിൽ സമസ്ത നേരിട്ടു നടത്തി വരുന്നുണ്ട്. സമസ്തയുടെ സ്വാധീനത്തിൽ പിറവിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയിരക്കണക്കിനു വേറെയുമുണ്ട്. സംഘടനയുടെ നേതാക്കളും പ്രവർത്തകരുമെല്ലാം തന്നെയാണ് ഇതിനു നേതൃത്വം നല്കുന്നത്. ഇവയിൽ നിന്നെല്ലാം ധാർമിക, ഭൗതിക വൈജ്ഞാനിക യോഗ്യതകൾ നേടിയിറങ്ങുന്ന തലമുറകൾ സാമൂഹ്യ നവോത്ഥാനത്തിൽ വഹിക്കുന്ന പങ്ക്, പലപ്പോഴും ചരിത്രത്തിന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടാതെ പോകുന്നുണ്ടെങ്കിലും അവയുടെ സ്വാധീനം നമുക്ക് വിസ്മരിക്കാവതല്ല.

ഗൾഫ് രാജ്യങ്ങളിലെ സമസ്ത മേഖലകളിലും ഉന്നത തൊഴിൽ രംഗങ്ങളിൽ ഇവിടെ പഠിച്ചിറങ്ങിയവരെ കാണാവുന്നതാണ്. അറബി ഭാഷാ പഠന രംഗത്ത് സമസ്ത നൽകിയ സംഭാവനകൾ ഗൾഫ് കുടിയേറ്റത്തിന്റെ ഗുണഫലങ്ങൾ സ്വരൂപിക്കാൻ മലയാളിക്ക് അവസരം നൽകിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയത്തിന് എന്തു പ്രസക്തി എന്നന്വേഷിക്കുന്നവരോടാണ് പറയുവാനുള്ളത്. ഫാഷിസവും ഇസ്ലാമോഫോഭിയയും അരങ്ങു വാഴുന്ന ഇക്കാലത്ത് സ്വന്തം വലിപ്പത്തെ കുറിച്ച് ചിന്തിച്ചു ചെറുതാകുന്നതിനു പകരം കേരളത്തിൽ ലഭ്യമായിട്ടുള്ള രാഷ്ട്രീയ സുരക്ഷ കൂടി ഇല്ലാതാക്കാനുള്ള ശ്രമം അനുഗുണമല്ല. സമുദായം രാഷ്ട്രീയമായി സംഘടിച്ചതിന്റെ ഗുണഫലം കൂടിയാണ് നാടൊട്ടുക്കും ഉയർന്നു നിൽക്കുന്ന മത സ്ഥാപനങ്ങൾ. അതിൽ സമസ്തയുടേതു മാത്രമല്ല ഉൾപ്പെടുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി യോജിച്ചു മുന്നേറിയതിന്റെ അടയാളം കൂടിയാണത്. ദോഷങ്ങൾ അന്വേഷിച്ചു പിടിച്ചു പെരുപ്പിച്ചു കാണിക്കുകയും അൽപ്പ വിചാരത്തോടെ സമീപിക്കുകയും ചെയ്യുന്നതിനു പകരം ഗുണപരമായ കാര്യങ്ങളിൽ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

മുസ്ലിം ലീഗിന്റെയും സമസ്തയുടെയും വളർച്ചക്കു പിന്നിലെ ധൈഷണിക, ആത്മീയ നേതൃത്വത്തെ തെരഞ്ഞാൽ തെരഞ്ഞു ചെന്നാൽ എത്തിപ്പെടുന്നത് പ്രവാചക പരമ്പരയിലെ രണ്ടു പ്രമുഖ കുടുംബങ്ങളായ ബാഫഖി, പാണക്കാട് കടുംബങ്ങളിലാണ്. അവരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായാണ് സമസ്ത വിദ്യാഭ്യാസ ബോർഡ് രൂപപ്പെട്ടത്. വിശിഷ്യാ ബാഫഖി തങ്ങളാണ് അതിനു നേതൃത്വം നൽകിയത്. ഈ രണ്ടു കുടുംബങ്ങളുടെയും പിൻതലമുറക്കാർ ഇരു സംഘടനകളുടെയും നേതൃ തലത്തിൽ ഇപ്പോഴും സജീവവുമാണ്. ഇവരെ തെരഞ്ഞു പിടിച്ചു വിമർശിക്കുകയും ഒറ്റതിരിഞ്ഞു അക്രമിക്കുകയും ചെയ്യുന്നത് ഒട്ടും കരണീയമല്ല. ഇരു പ്രസ്ഥാനങ്ങളെയും ഇന്നു നയിക്കുന്ന സാദിഖലി ശിഹാബ് തങ്ങളും സമസ്തയുടെ ജിഫ്രി തങ്ങളും പദവിക്ക് നിരക്കാത്തവരാണെന്ന തോന്നൽ സമുദായത്തിന്റെ ഗുണം കാക്ഷിക്കുന്ന ഏതെങ്കിലും പണ്ഡിതനോ, സാധാരണക്കാരനോ ഉണ്ടെന്നു തോന്നുന്നില്ല. പണക്കാട് കുടുംബം കൈമാറിപ്പോരുന്ന ധാർമികവും വിവേകപരവുമായ ആശയ സംവേദനക്ഷമതയിൽ സാദിഖലി തങ്ങൾ ഒട്ടും പിറകിലല്ല. കുടുംബം എന്നതിൽ കവിഞ്ഞ് സമൂഹത്തിന്റെ നേതൃത്വം അവരിൽ ഭദ്രമാകുന്നതിനു ഈ കാരണങ്ങളാലാണ്. സമസ്തയുടെ അഭിപ്രായങ്ങൾ കേരളം കാതോർക്കുന്നതും ജിഫ്രി തങ്ങളുടെ നിലപാടുകളും പക്വമായ ഇടപെടലുകളും അടക്കമുള്ള കാരണങ്ങളാലാണ്.

മുജാഹിദ് പ്രസ്ഥാനവുമായി വിയോജിപ്പ് നിലനിൽക്കുമ്പോഴും കെഎം സീതി സാഹിബിനെയും എംകെ ഹാജിയെയും പിന്തുടർന്ന് നമസ്കരിക്കുകയും പരസ്പരം സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾക്ക് ബാഫഖി തങ്ങളുടെ കാലം തന്നെ സാക്ഷിയാണ്. സമസ്തയും ലീഗും അവരവരുടെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ യോജിക്കാവുന്ന മേഖലകളിൽ യോജിച്ചു തന്നെയാണ് ഇക്കാലം വരെ മുന്നോട്ടു പോയത്.
നമ്മുടെ പ്രതികരണങ്ങൾ എന്തു ഫലങ്ങളാണുണ്ടാക്കുകയെന്ന സൂക്ഷ്മ ബോധം നമുക്കുണ്ടായിരിക്കണം. സമുദായത്തിന്റെ ഐക്യത്തെ മാത്രമല്ല, സുദായത്തെ തന്നെ തകർക്കാൻ പുറത്തു നിന്നും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ അകത്തു നിന്നും വാതിൽ തുറന്നു കൊടുക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാ. കുറ്റങ്ങൾ കണ്ടെത്താനുള്ള ഭൂതക്കണ്ണാടികൾ താഴെ വെച്ച് യുവ പണ്ഡിതൻമാർ സമൂഹത്തിൽ ഐക്യത്തിനു പ്രാധാന്യം നൽകി മുന്നോട്ടു പോകണം. വൈജ്ഞാനികവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ വിശേഷിച്ചും ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്.

അസ്വാരസ്യങ്ങളുണ്ടെങ്കിൽ പറഞ്ഞു തീർത്ത് പൊതു ജനങ്ങളുടെ കാതും നാവും ധർമ പാതയിലേക്കു തിരിച്ചു വിടേണ്ടവരാണ് നാം. പകരം സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥ എങ്ങിനെ സംഭവിച്ചു എന്നത് യുവ തലമുറ ആലോചനയ്ക്കു വിധേയമാക്കേണ്ടതാണ്. വിട്ടുവീഴ്ചയുടെ ഹുദൈബിയാ സന്ധികൾ ഉദ്ഘോഷിക്കുന്ന സമുദായത്തിന്റെ ഭാവി നേതൃത്വത്തിലേക്ക് വരേണ്ട ചെറുപ്പാക്കാർ പക്വതയോടെയും പാകതയോടെയും വിഷയങ്ങൽ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കണം. പൊതു ഇന്ത്യൻ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കുന്നവർക്ക് അതിനുസരിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. സാമുദായിക അസ്തിത്തോടെയുള്ള നിലനിൽപ്പിനു മാത്രമല്ല, ഊരും ഉയിരും സംരക്ഷിക്കപ്പെടണമെങ്കിൽ രാഷ്ട്രീയ കൂട്ടായ്മ അനിവാര്യമാണെന്നു ചിന്തിക്കുന്നവരാണ് ഏറെയും. അവർക്കും മത നേതൃത്വത്തിനു കീഴിൽ തുടർന്നു പോകാനുള്ള സമവായ മേഖലകൾ മുന്നിൽ കണ്ടു വേണം പണ്ഡിതൻമാരുടെ പ്രതികരണം. മത ചിന്തകളുമായി കൂടുതൽ മുന്നോട്ടു പോകുന്നുവരിൽ ചില യുവ പണ്ഡിതൻമാർ ഒഴികെ മറ്റാർക്കും ഈ പോക്ക് നന്നായി തോന്നുന്നുമില്ല. ചുരുക്കത്തിൽ മതപരമായ മുന്നോട്ടു പോക്കിന് സംഘടന എന്തിന് എന്ന ചിന്ത വളർത്താൻ മാത്രമേ ഇപ്പോഴുള്ള സംഭവ വികാസങ്ങൾ ഉപകരിക്കുകയുള്ളൂ.

രൂപീകരണ കാലം തൊട്ട് യാഥാസ്തികത ആരോപണം ഏറെ നേരിട്ടാണ് സമസ്ത ഇത്രയും വളർച്ച പ്രാപിച്ചത്. നവോത്ഥാന സംഘടനകൾ എത്രയൊക്കെ ശ്രമിച്ചിട്ടും സംഘടനാപരമായി ഇതിലേറെ പ്രശ്നങ്ങൾ കഴിഞ്ഞു പോയിട്ടും കേരള മുസ്ലിംകളുടെ പ്രഥമ സംഘടനയായി സമസ്ത ഇന്നും നിലനിൽക്കുന്നു എന്നതു തന്നെയാണ് അതിന്റെ യോഗ്യത. ഒരു നേതൃത്വത്തിന്റെ കീഴിൽ നിശബ്ദമായി മുന്നോട്ടു പോകുന്നു എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. ചെയ്തു വെച്ച ഓരോ കാര്യങ്ങളും വിളിച്ചു കൂവുന്ന പിടക്കോഴി സംസ്കാരം സമസ്തയ്ക്കില്ല. കാരണം സംഘടന എന്നതിനേക്കാൾ വലിയ ആശയ സംസ്കാരമാണ് അതിന്റെ ഘടന നിർണയിക്കുന്നത്. പൈതൃകങ്ങൾക്കു നേരെ പഴഞ്ചൻ ആരോപണം ഉന്നയിക്കുകയും അതു സ്ഥാപിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന പ്രവണത പൊതു സമൂഹത്തിൽ സംഘടനയെയും സമുദായത്തെയും താറടിക്കാൻ മാത്രമേ ഉതകുകയുള്ളൂ. പൈതൃകം തന്നെയാണ് സമസ്തയുടെ ആശയങ്ങളിൽ ജനങ്ങളെ അണിനിരത്തുന്നത്. ഇതു മനസ്സിലാക്കാതെ സമൂഹ മാധ്യമങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രശ്നങ്ങളെ വലിച്ചിഴക്കുന്നത് മലർന്നു കിടന്നു തുപ്പുന്നതിനു സമാനമായിരിക്കും. വ്യത്യസ്ത ചിന്തകളുണ്ടെങ്കിലും പണ്ഡിതൻമാർ സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പരസ്പരം ആശ്ലേഷിക്കേണ്ടവരാണ്. രാഷ്ട്രീയ ആക്രമണ ലക്ഷ്യങ്ങളുടെ ഉപകരങ്ങളായി അവർ മാറിക്കൂടാ. അതിരുകടന്ന ആക്ഷേപക്ഷങ്ങൾ അവർക്കന്യമായിരിക്കണം. അവരുടെ ലക്ഷ്യങ്ങൾ കൃത്യവും സുതാര്യവുമായിരിക്കണം. ലീഗിന്റെയും സമസ്തയുടെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതു തന്നെ. സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യമാണെന്നത് സമുദായത്തെ സ്നേഹിക്കുന്നവർ നിരന്തരം ഓർത്തുക്കേണ്ടതാണ്. അങ്ങനെ അസ്വാരസ്യങ്ങളില്ലാത്ത സാമൂഹ്യാന്തരീക്ഷം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ.

webdesk14: