കണ്ണൂര്‍: ജയരാജന്മാര്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ വിവാദം തെരുവിലേക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടുന്നതിനിടയില്‍ അഴീക്കോട് കാപ്പില്‍പീടികയില്‍ പി. ജയരാജന്‍ അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചു. ഇതോടെ നേതാക്കള്‍ക്കിടയിലെ വിഭാഗീയത അണികള്‍ക്കിടയിലും മറനീക്കി പുറത്തുവരികയാണ്.
ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണമെന്നും ഒന്ന് വര്‍ഗ ശത്രുവിന് നേരേയും രണ്ട് പിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ.പി. ജയരാജനെ ഉദ്ദേശിച്ചാണ് ഈ വരികള്‍ എന്ന് വ്യക്തമാണ്. നേരത്തെ പി ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ട് പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് നീക്കിയിരുന്നു. ജയരാജനെ പ്രകീര്‍ത്തിച്ചുള്ള സംഗീതആല്‍ബവും പിജെ ആര്‍മി പുറത്തിറക്കിയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പിജെ ആര്‍മി പാര്‍ട്ടി ഗ്രാമങ്ങളില്‍ തിരിച്ചുവരികയാണ്. വിവാദങ്ങള്‍ക്കു പിന്നില്‍ മാധ്യമങ്ങളാണെന്ന് നേതാക്കള്‍ പറയുമ്പോഴും അണികള്‍ ചേരി തിരിഞ്ഞു നിലപാട് വ്യക്തമാക്കുകയാണ്.