X

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദക്ഷിണേഷ്യന്‍ സെമിനാര്‍: വി.എസിനെ അവഗണിച്ച് സി.പി.എം നേതാക്കള്‍

കൊച്ചി: ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെ അവഗണിച്ച് സി.പി.എം നേതാക്കള്‍. ചടങ്ങിന്റെ ഉദ്ഘാടനം മുതല്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം അവസാനിക്കുന്നതു വരെ വി.എസിന്റെ പേര് നേതാക്കള്‍ ഒരിക്കല്‍ പോലും പരാമര്‍ശിച്ചിരുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ വി.എസിന് സദസ്സിലായിരുന്നു ഇരിപ്പിടം ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എം.ബേബി, ജില്ലാ സെക്രട്ടറി പി.രാജീവന്‍ എന്നിവര്‍ക്ക് വേദിയിലായിരുന്നു സ്ഥാനം. എന്നാല്‍ മുതിര്‍ന്ന നേതാവായ വി.എസിനു മാത്രം സദസ്സിലാണ് ഇരിപിടമൊരുക്കിയത്.
ഉദ്ഘാടകന്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ പ്രസംഗിച്ച ആരും തന്നെ വി.എസിന്റെ പേര് പരാമര്‍ശിക്കുക പോലും ചെയ്തില്ല. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രതിനിധികളെ പരിചയപ്പെടുത്തിയെങ്കിലും മുതിര്‍ന്ന നേതാവായ വി.എസ് അനൗപചാരികമായി പോലും പരാമര്‍ശിക്കാത്തത് വി.എസ് പക്ഷത്തിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സ്വാഗതം പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ പുന്നപ്ര വയലാര്‍ സമരത്തെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും വി.എസിനെകുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

chandrika: