X

കടയുടമകളെ ആട്ടിപ്പായിക്കുന്ന കണ്ണൂരിലെ കമ്യൂണിസ്റ്റ് ഗുണ്ടായിസം കേരളത്തിന് വലിയ നാണക്കേട്: കെപിഎ മജീദ്

സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്‌  എംഎല്‍എ കെപിഎ മജീദ്. കണ്ണൂരിലെ സംരംഭകര്‍ക്കെതിരെ സി.ഐ.ടി.യു തൊഴിലാളികളെ ഉപയോഗിച്ച് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടായിസം കേരളത്തിന് വലിയ നാണക്കേടായിരിക്കുകയാണെന്ന് കെപിഎ മജീദ് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു ഭാഗത്ത് കേരളം നിക്ഷേപ സൗഹൃദമാണെന്ന് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മറുഭാഗത്ത് ഈ ക്രൂരത അരങ്ങേറുന്നതെന്ന്  അദ്ദേഹം പറഞ്ഞു. മാതമംഗലത്തും മാടായിയിലും സി.ഐ.ടി.യുക്കാരുടെ ദ്രോഹം കാരണം ജീവനോപാധിയായ കടകള്‍ പൂട്ടി ഉടമകള്‍ ജീവനുംകൊണ്ട് ഓടുന്ന സാഹചര്യമാണുള്ളതെന്നും കെപിഎ മജീദ് ഓര്‍മപ്പെടുത്തി.

മാതമംഗലത്ത് സി.ഐ.ടി.യു സി.പി.എം പ്രവര്‍ത്തകരുടെ നിരന്തര ഭീഷണി കാരണം ഇപ്പോള്‍ പൂട്ടിക്കിടക്കുന്നത് രണ്ട് സംരംഭങ്ങളാണ്.
പോലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കൊന്നും നീതി കിട്ടുന്നില്ലെന്നും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവാഹ വേദിയില്‍ പോലും ബോംബും വടിവാളും ഉപയോഗിക്കുന്ന സംസ്‌കാരമാണ് എല്ലാ മേഖലയിലും സി.പി.എം ഉപയോഗിച്ചു കൊണ്ടിരിക്കുന്നതെന്നും ഗുണ്ടാ സംസ്‌കാരത്തിനെതിരെ ജനാധിപത്യ കേരളം ഉണരണമെന്നും കെപിഎ മജീദ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലക്ഷങ്ങള്‍ ലോണെടുത്തും പ്രവാസകാലത്ത് സമ്പാദിച്ചത് നിക്ഷേപമാക്കിയും ബിസിനസ്സ് നടത്തുന്ന കണ്ണൂരിലെ സംരംഭകര്‍ക്കെതിരെ സി.ഐ.ടി.യു തൊഴിലാളികളെ ഉപയോഗിച്ച് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടായിസം കേരളത്തിന് വലിയ നാണക്കേടായിരിക്കുകയാണ്. ഒരു ഭാഗത്ത് കേരളം നിക്ഷേപ സൗഹൃദമാണെന്ന് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മറുഭാഗത്ത് ഈ ക്രൂരത അരങ്ങേറുന്നത്. മാതമംഗലത്തും മാടായിയിലും സി.ഐ.ടി.യുക്കാരുടെ ദ്രോഹം കാരണം ജീവനോപാധിയായ കടകള്‍ പൂട്ടി ഉടമകള്‍ ജീവനുംകൊണ്ട് ഓടുന്ന സാഹചര്യമാണുള്ളത്.

മാതമംഗലത്ത് സി.ഐ.ടി.യുസി.പി.എം പ്രവര്‍ത്തകരുടെ നിരന്തര ഭീഷണി കാരണം ഇപ്പോള്‍ പൂട്ടിക്കിടക്കുന്നത് രണ്ട് സംരംഭങ്ങളാണ്. എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ് വെയര്‍ കട പൂട്ടി. എഴുപത് ലക്ഷം മുതല്‍ മുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങള്‍ക്കകം പൂട്ടേണ്ടി വന്നത്. ഇവിടെനിന്ന് സാധനങ്ങള്‍ വാങ്ങിയ കുറ്റത്തിന് മാതമംഗലത്തെ യുവവ്യാപാരിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അഫ്‌സലിന്റെ കടയും ഭീഷണിപ്പെടുത്തി അടപ്പിച്ചു. അഫ്‌സലിന്റെ സഹോദരിയെയും സി.പി.എമ്മുകാര്‍ ആക്രമിച്ചു. മാടായിയില്‍ ശ്രീപോര്‍ക്കലി സ്റ്റീല്‍ എന്ന സ്ഥാപനത്തിന് മുന്നില്‍ കൊടി കുത്തി സമരം നടത്തുന്നതിനാല്‍ ആ സ്ഥാപനവും പൂട്ടേണ്ട സ്ഥിതിയിലാണ്.
പോലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കൊന്നും നീതി കിട്ടുന്നില്ല. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിവാഹ വേദിയില്‍ പോലും ബോംബും വടിവാളും ഉപയോഗിക്കുന്ന സംസ്‌കാരമാണ് എല്ലാ മേഖലയിലും സി.പി.എം ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
ഈ ഗുണ്ടാ സംസ്‌കാരത്തിനെതിരെ ജനാധിപത്യ കേരളം ഉണരണം.
കേരളത്തെ രക്ഷിക്കണം.

Test User: