X

കമ്മ്യൂണിസം പിണറായിസത്തിലേക്ക്-കെ.ബി.എ കരീം

നാലു ദിവസത്തെ സി.പി.എം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ സമാപിച്ചപ്പോള്‍ ഭരണവും പാര്‍ട്ടിയും പിണറായി വിജയന്‍ എന്ന ഒറ്റ അധികാര കേന്ദ്രത്തിലേക്ക് ചുരുങ്ങുന്നതാണ് കേരളം കണ്ടത്. കേരളത്തില്‍ കമ്മ്യൂണിസം പിണറായിസത്തിന് പൂര്‍ണമായും വഴങ്ങിക്കൊടുക്കുന്നതിന്റെ അവസാന കടമ്പയായ സംസ്ഥാന സമ്മേളനവും മുഖ്യ മന്ത്രി പിണറായി വിജയന്‍ വിജയകരമായി കടന്നു. കണ്ണൂരില്‍ ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനുണ്ടെങ്കിലും പിണറായിയുടെ ഏകാധിപത്യത്തിന് ചെറിയ ചലനം പോലും ഉണ്ടാക്കാന്‍ ഈ കൂടിച്ചേരലിന് കഴിയില്ലെന്നുറപ്പാണ്. സംസ്ഥാന സമ്മേളനം പൂര്‍ണമായും പിണറായിയുടെ വ്യക്തമായ അജണ്ടക്ക് കീഴിലാണ് നടന്നത്. എതിര്‍പ്പിന്റെ ചെറിയ സ്വരം പോലും എവിടെ നിന്നും ഉണ്ടാകാതിരിക്കാന്‍ വന്‍ സന്നാഹങ്ങളോടെയാണ് പിണറായി വിജയന്‍ സംസ്ഥാന സമ്മേളനത്തെ നേരിട്ടത്. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പോലും കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് അവധി നല്‍കി പിണറായി യോടൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. സംസ്ഥാന സെക്രട്ടറിയായി മൂന്നാംതവണയും കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും തനിക്ക് വേണ്ടപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തുകയും ചെയ്തതോടെ തന്നെ എതിര്‍ക്കാന്‍ ഇനി ആരുമില്ലെന്ന് പിണറായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രായപരിധി കര്‍ശനമായി നടപ്പാക്കിയതിന്റെ പേരില്‍ 75 വയസ് പിന്നിട്ട 13 പേരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഇളവു കിട്ടിയത് പിണറായി വിജയന് മാത്രമാണ്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയതും പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയതും മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ മരുമകന്‍ മുഹമ്മദ് റിയാസ് അടക്കമുള്ളവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതുമടക്കമുള്ള വിവാദങ്ങള്‍ സംസ്ഥാന സമ്മേളനത്തിന്റെ ബാക്കി പത്രമായി ഇനിയും അവശേഷിക്കും.

പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുമോ എന്നതായിരുന്നു സംസ്ഥാന സമ്മേളനം നടന്ന നാലു ദിവസവും പാര്‍ട്ടിയില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ലോബിയില്‍ ഉയര്‍ന്നിരുന്ന സംശയം. പിണറായി വിജയന്റെ കണ്ണിലെ കരടായി മാറിയാല്‍ പിന്നെ രക്ഷയില്ലെന്ന് അരക്കിട്ടുറപ്പിച്ച് സീനിയോറിറ്റിയുള്ള നേതാവായ പി. ജയരാജനെ രണ്ടാംതവണയും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അമ്പലപ്പുഴയിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് ജി സുധാകരന് ഉറപ്പായിരുന്നു. 75 വയസ് പിന്നിട്ട സുധാകരനെ ഈ വിധത്തില്‍ ഒഴിവാക്കിയ മറ്റു നേതാക്കള്‍ക്കൊപ്പം പരിഗണിക്കില്ലെന്നതും പരസ്യമായ രഹസ്യമാണ്. തന്നെ പൂര്‍ണമായും തഴയുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ജി.സുധാകരന്‍ കത്ത് നല്‍കിയത്. കോടിയേരി തുടര്‍ച്ചയായ മൂന്നാം തവണയും സി.പി.എം സംസ്ഥാന സെക്രട്ടറിയായി വന്നതോടെ പിണറായി വിജയന് ഇനി പാര്‍ട്ടിയിലും സര്‍ക്കാരിലും ഒന്നും നോക്കേണ്ടതില്ല എന്ന നില കൈവന്നിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതുതായി എടുത്ത എട്ടുപേരില്‍ എല്ലാവരും തന്നെ മുഖ്യമന്ത്രിയോട് അടുപ്പമുള്ളവരാണ്. മുഖ്യമന്ത്രിയുടെ പി.എ പുത്തലത്ത് ദിനേശന്‍, എം. സ്വരാജ്, മുഹമ്മദ് റിയാസ് അടക്കമുള്ളവര്‍ സെക്രട്ടറിയേറ്റില്‍ ഉള്ളപ്പോള്‍ എതിര്‍പ്പിനെ നേരിയ ശബ്ദം പോലും ഉണ്ടാകില്ലെന്ന് പിണറായി ഉറപ്പാക്കിയിരിക്കുകയാണ്.

മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതില്‍ ഇതിനകം തന്നെ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ സി.പി.എം സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റിയാസിനെ ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തിയ നടപടിയാണ് സംസ്ഥാനസമ്മേളനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നടപടികളിലൊന്ന്. മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സംഘടനാ രംഗത്തെ മികവും സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനത്തിന് അനുകൂല ഘടകമായെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ന്യായീകരിക്കുമ്പോഴും വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുറപ്പാണ്. ജോണ്‍ ബ്രിട്ടാസിനേയും ബിജു കണ്ടക്കൈയേയും പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം പരിഗണിച്ചു മാത്രമാണ്. പി. ജയരാജന്‍ ഇത്തവണ സെക്രട്ടറിയേറ്റില്‍ എത്തുമെന്നാണ് കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ണമായും പ്രതീക്ഷിച്ചിരുന്നത്.

തലമുറ മാറ്റം എന്ന ഓമനപ്പേരിട്ട് അടുപ്പക്കാര്‍ക്ക് പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങള്‍ വീതിച്ചു നല്‍കിയത് മുഹമ്മദ് റിയാസ് എന്ന മരുമകന്റെ ഭാവി മുന്നില്‍ കണ്ട് കൊണ്ടാണെന്നത് വ്യക്തമാണ്.ഇതിനകം തന്നെ ഇത് വലിയ സംസാരവിഷയം ആയിട്ടുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസിന് സീറ്റ് ലഭിച്ചതും പല പ്രമുഖരെയും തഴഞ്ഞു മന്ത്രിയായതും ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കടന്നുവന്നതും ഉള്‍പ്പെടെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ സി.പി.എമ്മില്‍ പല പ്രമുഖരും പ്രഗല്‍ഭരും ഇനിയും തഴയപ്പെടും എന്ന് വായിച്ചെടുക്കാവുന്നതാണ്.

Test User: