മൊയ്തു പി.കെ തിരുവള്ളൂര്‍
തൊഴിലാളി വര്‍ഗ സര്‍വാധിപത്യമായിരുന്നു കമ്യൂണിസം കൊണ്ട് മാര്‍ക്‌സും ലെനിനും എംഗല്‍സുമെല്ലാം വിഭാവനം ചെയ്തത്. തൊഴിലാളികള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ പരിഗണനയും മേധാവിത്വവും നല്‍കുക എന്ന ആശയമായിരുന്നു അവരുടെ എല്ലാ പ്രമേയത്തിലും സമ്മേളനത്തിലും മുന്നോട്ടുവെച്ചത്. മാര്‍ക്‌സിസ്റ്റ് സാമ്പത്തിക സാമൂഹിക ചിന്താഗതിയനുസരിച്ച് തൊഴിലാളി വര്‍ഗം രാജ്യാധികാരം കൈയാളുന്ന രാഷ്ട്രീയ അവസ്ഥയെയാണ് തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്നത്‌കൊണ്ട് അര്‍ഥമാക്കുന്നത്. കമ്യൂണിസ്റ്റ് സൈദ്ധാന്തിക വീക്ഷണമാണിത്. വര്‍ഗ സമരങ്ങളുടെ പുതിയ രൂപങ്ങളിലേക്കുള്ള തുടര്‍ച്ചയുടെ ഭാഗമാണ് തൊഴിലാളി വര്‍ഗ സര്‍വാധിപത്യം.
ചൂഷണ സ്വഭാവമുള്ള ഭരണവര്‍ഗങ്ങളെ ഇല്ലായ്മ ചെയ്യുകയെന്ന കമ്യൂണിസത്തിന്റെ മുദ്രാവാക്യം പ്രസക്തമാണെങ്കിലും ഭരണത്തില്‍ ഏകാധിപതികളുടെ റോള്‍ നിര്‍വഹിക്കുന്ന പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ ചൂഷണോപാധികളായി കാണുന്ന രീതികളാണ് സ്വീകരിക്കുന്നത്. അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍, തൊഴിലിനനുസുരിച്ചുള്ള വേതനം ഇവയിലെല്ലാം സ്വേച്ഛാധിപത്യ നിലപാടുകളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കമ്യൂണിസം എന്താണ് എന്ന് വിശകലനം ചെയ്താല്‍ തൊഴിലാളി വര്‍ഗത്തോട് വിവേചന സമീപനം പുലര്‍ത്തി പോന്നതായി കാണാന്‍ കഴിയും. 1990കളോട് കൂടിതന്നെ ലോകത്താകമാനം കമ്യൂണിസം പരാജയ പ്രത്യയശാസ്ത്രമായിമാറിയെന്ന് ബോധ്യമായതാണ്.
തൊഴിലാളി വര്‍ഗ വിപ്ലവ പ്രസ്ഥാനം എന്ന് തുടങ്ങുന്ന കമ്യൂണിസത്തിന്റെ മുദ്രാവാക്യങ്ങള്‍ ഇന്നുവരെ ലോകത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് ഏറ്റവും വലിയ ഉദാഹരണം സോവിയറ്റ് ഭരണകൂടം തന്നെയാണ്. സോവിയറ്റ് യൂനിയന്‍ തൊഴിലാളി വര്‍ഗത്തെ അടിച്ചമര്‍ത്തി മര്‍ദക ഭരണകൂടമായിമാറിയ ചരിത്രമാണ് കണ്ടത്. തൊഴിലാളി വര്‍ഗത്തിന്റെ ഗന്ധം കൊണ്ട് ഉയിര്‍ത്തെഴുന്നേറ്റ ഭരണം അവസാനം നിലംപതിച്ചതുമാണ് ചരിത്രം. ലെനിന്‍ പ്രാധാന്യം നല്‍കിയിരുന്ന ആശയ സംവാദം, വിയോജിക്കാനുള്ള സ്വാതന്ത്ര്യം, സോവിയറ്റുകള്‍ക്കുള്ള അധികാരം തുടങ്ങിയവ വാക്കുകള്‍ മാത്രമായി അവശേഷിച്ചു. പൗരവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയും ചെയ്തു. പൊറുതിമുട്ടിയ ജനങ്ങള്‍ ലെനിനെതിരെ തിരിഞ്ഞു. ചിന്തകന്മാരും എഴുത്തുകാരും കമ്യൂണിസ്റ്റ് ഭരണത്തിന്റെ ശുദ്ധികലശത്തിനുവേണ്ടി മുറവിളികൂട്ടുകയും മാര്‍ക്‌സിയന്‍ സൈദ്ധാന്തം നാമാവശേഷമായിത്തീര്‍ന്നുവെന്നതുമാണ് യാഥാര്‍ഥ്യം. സ്റ്റാലിന്റെയും ലെനിന്റെയും പ്രതിമകള്‍ അവിടത്തെ ജനങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി. കേരളത്തില്‍ ചിലര്‍ അന്നേരവും അവരുടെ ചിത്രങ്ങള്‍ വെച്ചുനടന്നു. അത്‌കൊണ്ട് അവരെ നിരക്ഷര കമ്യൂണിസ്റ്റുകള്‍ എന്നാണ് വിളിക്കുന്നത്. താഴ്ന്ന ജാതിക്കാരായ തൊഴിലാളി വര്‍ഗത്തിന് പ്രാധാന്യം നല്‍കാതെ അരാഷ്ട്രീയ ചിന്തകളും ഏകാധിപത്യവും തകര്‍ച്ചയുടെ വഴിയിലാണ് കമ്യൂണിസത്തെ എത്തിച്ചത്. കമ്യൂണിസ്റ്റ് ഭരണം തൊഴിലാളികളുടെ മേലുള്ള സര്‍വാധിപത്യമായി പരിണമിച്ചുവെന്നതാണ് സോവിയറ്റ് റഷ്യയില്‍ കണ്ടത്. പിന്നീട് എന്നെന്നേക്കുമായി ഇല്ലാതാവുകയും ചെയ്തു.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തകര്‍ന്നടിയാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് സോഷ്യലിസ്റ്റ് ജനാധിപത്യം വികസിപ്പിച്ചെടുക്കുന്നതിലെ പാകപ്പിഴവ്. തൊഴിലാളി വര്‍ഗ സര്‍വാധിപത്യമെന്ന മുദ്രാവാക്യം കാക്കത്തൊള്ളായിരം പ്രാവശ്യം മുഴക്കിയ കമ്യൂണിസ്റ്റാചാര്യന്മാര്‍ ഭരണ ചക്രത്തിലെത്തിയപ്പോള്‍ പാവങ്ങളെ മറന്ന് ഏകാധിപതികളും സ്വേച്ഛാധിപതികളുമായി മാറിയതാണ് വാസ്തവം. ചൈനയിലും ഇതായിരുന്നു സംഭവിച്ചത്. മുതലാളിത്ത പാത സ്വീകരിച്ചവരാണ് ചൈനക്കാര്‍. ഏംഗല്‍സിന്റെ മറ്റൊരു സിദ്ധാന്തം അവിടെ നടപ്പിലാക്കി. പേരില്‍ മാത്രം കമ്യൂണിസമായി ചൈനയും ഇല്ലാതായി. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെല്ലാം അവസ്ഥ ഇതാണ്. മാര്‍ക്‌സിസത്തിന്റെയും ലെനിസത്തിന്റെയും പേരില്‍ വലിയ വലിയ വിപ്ലവങ്ങള്‍ നടന്നു. ലോകത്ത് ഏറ്റവും അധികം മനുഷ്യരെ കശാപ്പ് ചെയ്തത് കമ്യൂണിസ്റ്റ് ഏകാധിപതികളാണ്. റഷ്യയില്‍ രണ്ട് കോടി, ചൈനയില്‍ ആറ് കോടി, വിയറ്റ്‌നാമില്‍ പത്ത് ലക്ഷം, നോര്‍ത്ത് കൊറിയയില്‍ ഇരുപത് ലക്ഷം, കംബോഡിയയില്‍ പതിനേഴ് ലക്ഷം, എത്യോപ്യയില്‍ ഇരുപത് ലക്ഷം, അഫ്ഗാനിസ്ഥാനില്‍ പതിനഞ്ച് ലക്ഷം, വിയറ്റ്‌നാമില്‍ ഒരു ലക്ഷം, ലാറ്റിന്‍ അമേരിക്കയില്‍ രണ്ട് ലക്ഷം ഈ രീതിയിലാണ് കമ്യൂണിസ്റ്റുകാര്‍ കൊല ചെയ്ത ജനങ്ങളുടെ കണക്കുകള്‍. റുമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ദുര്‍ഭരണം സഹിക്കവയ്യാതെ ജനങ്ങള്‍ അവിടത്തെ ഏകാധിപതികളെ പുകച്ചുപുറത്തുചാടിക്കുകയാണ് ഉണ്ടായത്. കംബോഡിയയില്‍ മനുഷ്യരെ കൊല്ലാന്‍ വെടിയുണ്ട തീര്‍ന്നപ്പോള്‍ മരത്തില്‍ അടിച്ച് കൊന്നിരുന്നു.