X
    Categories: indiaNews

ദീപാവലി ആഘോഷത്തിനിടെ ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷം

വഡോദര: ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ ചൊല്ലി ഗുജറാത്തിലെ വഡോദരയില്‍ രണ്ട് സമുദായങ്ങളിലെ അംഗങ്ങള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുഭാഗത്തുനിന്നും 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന പാനിഗേറ്റ് പ്രദേശത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 ഓടെയാണ് സംഘര്‍ഷമുണ്ടായത്.

സ്ഥലത്തെത്തിയ പൊലീസിന് നേരെ ഒരു വീടിന്റെ മൂന്നാം നിലയില്‍ നിന്ന് പെട്രോള്‍ ബോംബെറിഞ്ഞു. അക്രമിയെ അറസ്റ്റ് ചെയ്തതായി വഡോദര ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ യശ്പാല്‍ ജഗനിയ അറിയിച്ചു. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റോക്കറ്റ് പടക്കം വീണ് പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളിന് തീപിടിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കല്ലേറും നടത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും യശ്പാല്‍ ജഗനിയ പറഞ്ഞു. അതേസമയം ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിത ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ നാലിന് വഡോദരയിലെ സാവ്‌ലി ടൗണിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

ഒരുവിഭാഗത്തിന്റെ ഉത്സവം അടുത്തിരിക്കെ, അവരുടെ മതചിഹ്നമുള്ള പതാക സമീപത്തെ മറ്റൊരു ആരാധനാലയത്തിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഇത് ചോദ്യം ചെയ്യാന്‍ മറ്റൊരു സംഘം എത്തിയതോടെ കല്ലേറും സംഘര്‍ഷവുമുണ്ടായെന്നും പൊലീസ് വ്യക്തമാക്കി. കല്ലേറില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇരുഭാഗത്തുമുള്ള പ്രതികളായ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പട്രോളിങ് ശക്തമാക്കിയെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും വഡോദര പൊലീസ് വ്യക്തമാക്കി.

Test User: