പര്‍ദ്ദ ധരിച്ച വിദ്യാര്‍ഥികള്‍ കാസര്‍ഗോഡ് ബസ് തടഞ്ഞ ദൃശ്യങ്ങള്‍ വര്‍ഗീയ പ്രചാരണത്തിനുള്ള ആയുധമാക്കിയതിനെതിരെ കേസെടുത്ത് കേരളാ പൊലീസ്. കാസര്‍ഗോഡ് പൊലീസിന്റെ സൈബര്‍ വിഭാഗമാണ് പ്രഥമദൃഷ്ടിയാല്‍ സിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമമായ എക്‌സിലൂടെ വ്യാജപ്രചരണം ആദ്യമായി പങ്കുവച്ചുവെന്ന് കരുതുന്ന ‘എമി മേക്’ എന്ന പ്രൊഫൈലിനെതിരെ ഐ.പി.സി 153എ (മതവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം) പ്രകാരമാണ് കേസ്. അതേസമയം, വീഡിയോ പങ്കുവച്ചവരില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണിയും ഉള്‍പ്പെട്ടിട്ടുണ്ട്.
കോളേജിന് മുന്നില്‍ നിര്‍ത്താതെ പോയ ബസ് തടഞ്ഞ് ജീവനക്കാരോട് കയര്‍ത്ത വിദ്യാര്‍ഥിനികളുടെ വീഡിയോ, ഹിന്ദു സ്ത്രീയെ പര്‍ദ്ദ ഇടാന്‍ നിര്‍ബന്ധിക്കുന്നുവെന്നാക്കിയായിരുന്നു പ്രചരിപ്പിച്ചിരുന്നത്. കാസര്‍ഗോഡ് കന്‍സ വനിതാ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ആഴ്ച മുന്‍പ് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിദ്വേഷ പ്രചാരണത്തില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണിയും ഭാഗമായിരുന്നു. വസ്തുതാന്വേഷണ സൈറ്റായ ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് പ്രചാരണമുണ്ടായി ഉടന്‍ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് അനില്‍ ആന്റണിയും മറ്റുള്ള പല പ്രൊഫൈലുകളും വ്യാജ പ്രചാരണ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
കുമ്പള മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ ഭാസ്‌ക്കര നഗറില്‍ ഒക്ടോബര്‍ 22ന് നടന്ന സംഭവമായിരുന്നു വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. നിര്‍ത്താതെ പോയ ബസ് ഒരുകൂട്ടം കോളേജ് വിദ്യാര്‍ഥികള്‍ തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.
ഇതിനിടെ പര്‍ദ്ദ ധരിച്ച ഒരുകൂട്ടം പെണ്‍കുട്ടികള്‍ സാരിയെടുത്ത ഒരു മധ്യവയസ്‌കയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ത്രീ പര്‍ദ്ദയിടാത്തതിന് അവരോട് തട്ടിക്കയറുകയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇന്ത്യയില്‍ ഒരിടത്ത് ബസില്‍ പര്‍ദയിടാതെ സഞ്ചരിച്ചതിന് മുസ്‌ലിം പെണ്‍കുട്ടികള്‍ തട്ടിക്കയറുന്നു’ എന്ന തലക്കെട്ടോട് കൂടിയായിരുന്നു കാസര്‍ഗോഡ് നിന്നുള്ള ദൃശ്യങ്ങള്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക എമി മേക് എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് നിരവധി സംഘപരിവാര്‍ പ്രൊഫൈലുകള്‍ റീഷെയര്‍ ചെയ്യുകയായിരുന്നു.