X

വര്‍ഗീയഭ്രാന്തന്മാരെ കയറൂരി വിടരുത്

ക്രമസമാധാന രംഗത്ത് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണോ കേരളമെന്ന് തോന്നിക്കുന്ന രീതിയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പതു മാസം പിന്നിടുമ്പോള്‍ സംസ്ഥാനം അഭൂതപൂര്‍വമായ നിലയില്‍ കൊലപാതകികളുടെയും പെണ്ണുപിടിത്തക്കാരുടെയും പിടിയിലമര്‍ന്നിരിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. നിത്യേനയെന്നോണം കേള്‍ക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ കൊച്ചുകൂട്ടികള്‍ക്കുപോലും രക്ഷയില്ല. അടുത്തിടെയായി നടന്ന ഇരുനൂറോളം കൊലപാതങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കാസര്‍കോട്ട് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ അതിനിഷ്ഠൂരമായ നരഹത്യ. കുടക് മടിക്കേരി കൊട്ടുംപടി ആസാദ് നഗറിലെ മുപ്പതുകാരനായ റിയാസ് മൗലവിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. അദ്ദേഹം ജോലി ചെയ്യുന്ന ബട്ടംപാറക്കടുത്ത പഴയചൂരി ജുമാമസ്ജിദിനോട് ചേര്‍ന്ന കിടപ്പുമുറിയില്‍ കഴുത്തിന് വെട്ടേറ്റ നിലയില്‍ മരിച്ചു കിടക്കുന്നതായി തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഖത്തീബ് അസീസ്മുസ്്‌ലിയാരാണ് കാണുന്നത്. ഖത്തീബിനു നേരെ അക്രമികള്‍ കല്ലെറിയുകയും ചെയ്തു. രാത്രി 12.15നാണ് സംഭവം. പൊതുവെ ശാന്ത സ്വഭാവിയായ യുവാവിനെ എന്തിനാണ് അക്രമികള്‍ വകവരുത്തിയെന്നത് അത്ഭുതകരമാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്്‌ലിംലീഗ് ചൊവ്വാഴ്ച കാസര്‍കോട് മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയുണ്ടായി. വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലയില്‍ അക്രമം ഭയന്ന് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി അപലപിച്ചിട്ടുണ്ടെങ്കിലും സംഭവത്തിനുത്തരവാദികളായവരെ തുറുങ്കിലടക്കുന്നതിനുള്ള നടപടികളാണ് അദ്ദേഹവും പൊലീസും കൈക്കൊള്ളേണ്ടത്. പ്രത്യേക സംഘത്തെ അന്വേഷണച്ചുമതല ഏല്‍പിച്ചത് മുസ്്‌ലിംലീഗിന്റെ പ്രതിഷേധത്തെതുടര്‍ന്നാണെങ്കിലും സ്വാഗതാര്‍ഹമാണ്. ഹര്‍ത്താലിന്റെ തണലില്‍ ആര്‍.എസ്.എസുകാര്‍ കാസര്‍കോട്ടും പരിസരത്തും വ്യാപകമായി അക്രമം അഴിച്ചുവിട്ടത് എന്തിനാണെന്ന് അവര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. യൂത്ത്‌ലീഗ് ജില്ലാ ഭാരവാഹിയുടേതുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കുനേരെയും പൊലീസുദ്യോഗസ്ഥര്‍ക്കുനേരെയും സംഘ്പരിവാറുകാര്‍ അക്രമം അഴിച്ചുവിട്ടു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലുള്ള വര്‍ഗീയ ചേരിതിവുകളില്‍ നിന്ന് മുക്തമാണ് മത സൗഹാര്‍ദത്തിന്റെ കേളീരംഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊച്ചുകേരളം. അതിന് അറബികളും വാസ്‌കോഡഗാമയോളവും തന്നെ പഴക്കമുണ്ട്. എന്നാലിന്ന് ചില സാമൂഹിക ദുഷ്ടശക്തികള്‍ കാര്യങ്ങളെല്ലാം കൈപ്പിടിയിലാക്കി ഈ സമാധാനാന്തരീക്ഷം ഇല്ലാതാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണോ എന്നാണ് കാസര്‍കോട് സംഭവത്തിലൂടെ സംശയിക്കപ്പെടുന്നത്.
ഇസ്‌ലാം മതവിശ്വാസത്തിന്റെ പേരില്‍ കൃത്യം നാലുമാസം മുമ്പ് മലപ്പുറം കൊടിഞ്ഞിയിലും സമാനമായ രീതിയില്‍ പ്രവാസി മലയാളി യുവാവായ ഫൈസല്‍ റോഡരികില്‍ മനുഷ്യാധമന്മാരുടെ കൊലക്കത്തിക്കിരയായി. തൃശൂര്‍ കാട്ടൂരില്‍ പള്ളിയിലുറങ്ങിക്കിടക്കവെ കൊല ചെയ്യപ്പെട്ട അലിമുസ്‌ലിയാരെന്ന 21 വയസ്സുകാരന്റെയും മഞ്ചേരി കോടതിവളപ്പില്‍ വെട്ടിക്കെല്ലപ്പെട്ട എടവണ്ണ സ്വദേശിനി ആമിനക്കുട്ടി എന്ന ചിരുത, തിരൂര്‍ യാസിര്‍, കടുവിനാല്‍ അഷ്‌റഫ് തുടങ്ങിയവരുടെയും കുടുംബങ്ങളുടെ രോദനം ഇന്നും അന്തരീക്ഷത്തിലുണ്ട്. ഭരണഘടനയുടെ 25-ാം വകുപ്പ് ഏതുതരം മതവിശ്വാസവും സ്വീകരിക്കാനും കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും പൗരന് അനുവാദം നല്‍കുന്ന നാട്ടില്‍ ഏതെങ്കിലും മതഭ്രാന്തന്മാര്‍ ചേര്‍ന്ന് ആ സാമൂഹികഘടന മാറ്റിമറിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാകും. സംസ്ഥാനത്ത് അടുത്തിടെ നടന്ന വര്‍ഗീയ സ്വഭാവമുള്ള ഈ രണ്ടു കൊലപാതകങ്ങളും വിരല്‍ചൂണ്ടുന്നത് പൊലീസിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിസ്സഹായാവസ്ഥയിലേക്കാണ്. കര്‍ശന നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ പൊലീസും ആഭ്യന്തര വകുപ്പും തയ്യാറായില്ലെങ്കില്‍ കേരളവും യോഗിയുടെ ഉത്തര്‍പ്രദേശിന്റെയും മോദിയുടെ ഗുജറാത്തിന്റെയും അവസ്ഥയിലേക്ക് നീങ്ങിയേക്കും. ഇതിന്റെ വ്യക്തമായ സൂചനകളാണ് കുറച്ചുനാളായി ആര്‍.എസ്.എസ് -ബി.ജെ.പി പ്രഭൃതികളില്‍ നിന്ന് രാജ്യം കേട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോഴെല്ലാം മറുവശത്തും പ്രതിലോമ ശക്തികള്‍ അവസരം മുതലാക്കാനുള്ള ശ്രമവും കാണാതിരുന്നുകൂടാ.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുകയെന്ന അടിസ്ഥാന കടമ നിറവേറ്റുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്ന കാഴ്ചയാണ് കേരളമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒന്‍പതു മാസത്തിനകം സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രം നൂറിലധികമായി. കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ പുതിയ കൊലപാതക പരമ്പര ആരംഭിച്ചതും ഇക്കാലത്താണ്. സമാധാന ആഹ്വാനങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോഴും പത്തോളം പേരാണ് ഈ ജില്ലയില്‍ മാത്രം രാഷ്ട്രീയകൊലക്കത്തിക്കിരയായത്. ഇതിനുപുറമെയാണ് എണ്ണമറ്റ ലൈംഗിക പീഡനങ്ങള്‍. കൊട്ടിയൂര്‍, വാളയാര്‍, കുണ്ടറ, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നു വേണ്ട സംസ്ഥാനത്തെ എല്ലായിടത്തുനിന്നും കൊടിയ സ്ത്രീ-ശിശു പീഡന വാര്‍ത്തകളാണ് വരുന്നത്. കോളജുകളിലെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ ഇതിലുംപുറമെ.
അതേസമയം റിയാസ് മൗലവിയുടെ മയ്യിത്ത് അദ്ദേഹം പത്തു വര്‍ഷമായി ജോലി ചെയ്തുവന്ന ജുമാമസ്ജിദില്‍ പൊതു ദര്‍ശനത്തിന് വെക്കണമെന്ന ആവശ്യം പൊലീസ് നിരാകരിച്ചതും കണ്ണൂരില്‍ ബി.ജെ.പി നേതാവ് കൊല ചെയ്യപ്പെട്ടപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിക്കുമുന്നിലൂടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം പോകാന്‍ അനുവദിച്ചതും പൊലീസിന്റെ ഇരട്ടത്താപ്പാണ്. പൊലീസിനെ അക്രമികള്‍ക്ക് ഭയമില്ലെന്നുവരുന്നത് ക്രമസമാധാനത്തകര്‍ച്ചയിലേക്കും വെള്ളരിക്കാപ്പട്ടണമെന്ന സ്ഥിതിയിലേക്കും കാര്യങ്ങള്‍ ചെന്നെത്തും. അതിന് റിയാസ് മൗലവി വധത്തില്‍ അതിശക്തമായ ക്രിമിനല്‍ -നിയമ നടപടികള്‍ അടിയന്തിരമായി കൈക്കൊണ്ടേ മതിയാവൂ. വിഷയത്തില്‍ കാണിക്കുന്ന ഏതുചെറിയ അലംഭാവവും കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് കാരണമാകും. പ്രതിഷേധിക്കാനും തകര്‍ക്കാനും മാത്രമല്ല ജനഹിതമറിഞ്ഞ് ഭരിക്കാനുള്ള ത്രാണിയെങ്കിലും സി.പി.എം കാട്ടണം. മതേതരത്വ-ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ചും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ ചെറുത്തുനില്‍പിനെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവര്‍ക്ക് തങ്ങളുടെ പക്കലുള്ള അധികാര ദണ്ഡ് പ്രയോഗിക്കാനുള്ള ആര്‍ജവം പോലുമില്ലാതെ പോകുന്നത് കഷ്ടമാണ്. എല്ലാം പൊലീസിന്റെ തലയിലിട്ട് തലയൂരുന്ന രീതി അധികാരികള്‍ക്ക് ഭൂഷണമല്ല. മറ്റൊന്നുമില്ലെങ്കിലും ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തിക്കൊടുക്കാനെങ്കിലും സര്‍ക്കാര്‍ കനിവുകാട്ടണം.

chandrika: