X

വര്‍ഗീയ ഫാസിസത്തിനുള്ള മലപ്പുറത്തിന്റെ താക്കീത്

ഭുവനേശ്വറില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ബി.ജെ.പി ദേശീയനിര്‍വാഹക സമിതി യോഗം പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമായൊരു തീരുമാനം കൈക്കൊണ്ടു: കേരളം, തമിഴ്‌നാട്, ഒറീസ, ത്രിപുര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ജനകീയ പിന്തുണ ഏതുവിധേനയും വര്‍ധിപ്പിക്കുക എന്നതാണത്. ഇതേദിവസം തന്നെ രാജ്യത്തെ മുസ്്‌ലിം സ്ത്രീകള്‍ മുത്തലാഖ് കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അവരുടെ ‘നീതി’ ക്കുവേണ്ടി തന്റെ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി മോദി ഇതേ യോഗത്തില്‍ പ്രഖ്യാപനം നടത്തുകയുമുണ്ടായി. എന്നാല്‍, തിങ്കളാഴ്ച രാവിലെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് ഏഴു പതിറ്റാണ്ടോളം പഴക്കമുള്ള മുസ്‌ലിം ലീഗിന്റെയും അഞ്ചു പതിറ്റാണ്ടിലധികം പാരമ്പര്യവുമുള്ള ഐക്യജനാധിപത്യ മുന്നണിയുടെയും വിജയാരവത്തോടെയാണ്. മേല്‍പരാമര്‍ശിത പാര്‍ട്ടിയുടെ ദയനീയ പ്രകടനമാണ് ഇവിടെ കണ്ടത്. 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറാനിടയായ പാര്‍ലമെന്റ് പൊതുതെരഞ്ഞെടുപ്പില്‍ 64,705 വോട്ടുകള്‍ മാത്രം നേടിയ പാര്‍ട്ടിയുടെ അതേ സ്ഥാനാര്‍ഥിക്ക് ഇത്തവണ ഇതേ മണ്ഡലത്തില്‍ കിട്ടിയത് 65,675 വോട്ടുമാത്രം. 1,14000 ത്തിലധികം പുതിയ വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട മണ്ഡലത്തിലാണ് ഇത്തരമൊരു ദയനീയ പ്രകടനം രാജ്യത്തെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് ദുഷ്‌പേര് കരസ്ഥമാക്കിയ കക്ഷിക്ക് ലഭിച്ചതെന്നത് തികച്ചും ചിന്തനീയവും അതിലേറെ നാടിനെക്കുറിച്ച് പ്രത്യാശാഭരിതവുമായിരിക്കുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെയാണ് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മറ്റും മത ന്യൂനപക്ഷത്തില്‍പെട്ട പൗരന്മാര്‍ക്കെതിരെ കേന്ദ്ര ഭരണകക്ഷിയുടെ ഉത്തരവാദപ്പെട്ടയാളുകള്‍ അക്രമപ്പേക്കൂത്തുകളുമായി രംഗത്തുവന്നത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ തലമുറകളായി കുലത്തൊഴിലായി കൊണ്ടുനടന്ന കശാപ്പുശാലകള്‍ പൊടുന്നനെ അടച്ചുപൂട്ടി ഈ പട്ടിണിപ്പാവങ്ങളെ മുഴുപ്പട്ടിണിക്കിട്ടത് ബി.ജെ.പിയുടെ പുതിയ മുഖ്യമ്ര്രന്തി അവതാരം ആദിത്യനാഥായിരുന്നുവെങ്കില്‍ രാജസ്ഥാനില്‍ പാലുല്‍പാദനത്തിനായി അയല്‍സംസ്ഥാനത്തുനിന്ന് പശുക്കളെ വാങ്ങിവരവെയാണ് പെഹ്‌ലുഖാന്‍ എന്ന മധ്യവയസ്‌കനെ സംഘ്പരിവാറുകാരാല്‍ പട്ടാപ്പകല്‍ തല്ലിക്കൊല്ലുകയും മക്കളെ പൊതിരെ മര്‍ദിച്ചവശരാക്കുകയും ചെയ്തത്. ഇവിടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശുക്കളെ കൊല്ലുമെങ്കില്‍ കാണട്ടെ എന്ന വിദ്വേഷ രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ പോലും ബി.ജെ.പിയുടെ ഒരു നേതാവ് ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇതിനു വിരുദ്ധമായി ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പറഞ്ഞത്, തന്നെ ജയിപ്പിച്ചാല്‍ കേരളത്തില്‍ ഹലാല്‍ ബീഫ് നല്‍കുമെന്നായിരുന്നു. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളല്ല തങ്ങളെ ബാധിക്കുന്നതെന്നും മത ജാതി വികാരം ഇളക്കിവിട്ട് അധികാരം പിടിക്കുക മാത്രമാണെന്നുമൊക്കെ അവര്‍ തെളിയിച്ചു കഴിഞ്ഞതാണ്. അഭ്യസ്തവിദ്യര്‍ അധികമുള്ള കേരളത്തില്‍ കാലമിതുവരെയായിട്ടും ഒരു നിയമസഭാ സീറ്റിനപ്പുറം നേടാനാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഏഴിരട്ടിയോളം വോട്ടുകള്‍ അധികം നേടുമെന്നും മോദിയുടെ 2019ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള വഴിതെളിക്കലാകുമതെന്നുമൊക്കെയായിരുന്നു വീരവാദം. ആ പാര്‍ട്ടിയുടെ കഴിഞ്ഞ തവണത്തെ 7.58 ശതമാനമായിരുന്ന വോട്ടിങ് ശതമാനമാണ് ഏഴു ശതമാനമായി കുറഞ്ഞിരിക്കുന്നത്.
മലപ്പുറം മിനി പാക്കിസ്താനാണ്, അമുസ്‌ലിംകള്‍ക്ക് പുറത്തിറങ്ങി നടക്കാനാകുന്നില്ല, റമസാന്‍ നോമ്പുകാലത്ത് ഹിന്ദുക്കള്‍ ഭക്ഷണം കിട്ടാതെ വലയുന്നു തുടങ്ങി എന്തെല്ലാം ഇല്ലാക്കഥകളാണ് വര്‍ഗിയ ഫാസിസ്റ്റുകള്‍ പാടി നടന്നത്. ബ്രിട്ടീഷ് മേലാളിത്തത്തിനെതിരെ നിരവധി ധീരദേശാഭിമാനികള്‍ക്ക് ഗുഡ്‌സ് വാഗണില്‍ ശ്വാസംമുട്ടി മരിക്കേണ്ടിവന്ന മണ്ണ് രാജ്യത്ത് മലപ്പുറത്തിനുപുറമെ ജാലിയന്‍വാലാബാഗ് പോലെ അപൂര്‍വമായേ ഉള്ളൂ എന്നറിയാത്തവരല്ല ഈ കള്ളങ്ങളുടെ പെരുമ്പറ മുഴക്കിയത്. പക്ഷേ നിസ്വരും നിസ്വാര്‍ഥരും മതേതരരും ജനാധിപത്യ വിശ്വാസികളുമായ, ഒരു വയറ്റില്‍പിറന്ന മക്കളെ പോലെ മെയ്യോടുമെയ് ചേര്‍ന്ന് മലപ്പുറത്തെ ജനത ഈ കള്ളക്കണിയാന്മാര്‍ക്കെതിരെ വന്‍ ശക്തിദുര്‍ഗമായി നിലകൊണ്ടുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മിന്നുന്ന ജയം വിളിച്ചോതുന്നു. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, മുഴുവന്‍ മതേതര വിശ്വാസികളുടെയും താക്കീതു കൂടിയാണിത്. മുസ്‌ലിം ലീഗിന്റെ മഹിതമായ ആദര്‍ശങ്ങള്‍ക്കുള്ള ജനങ്ങളുടെ കയ്യൊപ്പുചാര്‍ത്തല്‍. 2014ല്‍ കേന്ദ്ര മന്ത്രിയും മുസ്്‌ലിംലീഗ് അഖിലേന്ത്യാപ്രസിഡണ്ടുമായ ഇ. അഹമ്മദ് നേടിയ 1,94,739 എന്ന ഭൂരിപക്ഷം 1,71,023 ആയെങ്കിലും മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 77607 വോട്ടുകളാണ് വര്‍ധിച്ചിരിക്കുന്നത്. അഹമ്മദ് സാഹിബിനോട് അന്ത്യസമയത്ത് മോദിസര്‍ക്കാര്‍ കാണിച്ച അപമര്യാദക്കുള്ള മധുര പ്രതികാരം കൂടിയാണീ ജനവിധി. പതിനേഴു ലക്ഷത്തോളം ജനങ്ങളും 14 ലക്ഷത്തോളം വോട്ടര്‍മാരുമുള്ള സംസ്ഥാനത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ എഴുപതു ശതമാനത്തിലധികം വരുന്ന ന്യൂനപക്ഷങ്ങളുടെ മനസ്സും ഇതോടൊപ്പം കോണ്‍ഗ്രസ് മുക്തഭാരതം ലക്ഷ്യമിടുന്ന ബി.ജെ.പി വായിച്ചെടുക്കണം. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ മതേതര ശക്തികളുടെയും ഏകീകരണത്തിനുള്ള ചുവടുവെയ്പാകണമിത്. രാഷ്ട്രീയത്തിലെ പരിണതപ്രജ്ഞനായ കുഞ്ഞാലിക്കുട്ടിക്ക് അതിനു കഴിയുമെന്നുതന്നെ പ്രത്യാശിക്കാം.
യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം കൂടിയാണിത്. മുസ്‌ലിംലീഗ് നേതാക്കളായ പ്രൊഫ. ഖാദര്‍മൊയ്തീന്‍ മുതല്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം.എം ഹസന്‍, കേരളകോണ്‍ഗ്രസ് നേതാവ് കെ.എം മാണി തുടങ്ങിയവര്‍ അഹമഹമികയാ മലപ്പുറത്ത് പ്രചാരണത്തിനെത്തി. കഴിഞ്ഞ തവണത്തേതുപോലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം നേടാനായിരിക്കുന്നു. ഇടതുപക്ഷത്തിന് ആഭിമുഖ്യമുള്ള പെരിന്തല്‍മണ്ണയിലും മങ്കടയിലും മികച്ച ഭൂരിപക്ഷം നേടാന്‍ യു.ഡി.എഫിനായി. പതിനൊന്നു മാസത്തെ ഇടതുമുന്നണി ഭരണത്തിനുള്ള പ്രഹരം കൂടിയാണീ വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പ് പിണറായി ഭരണത്തിനുള്ള വിധിയെഴുത്തായിരിക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. പൊലീസിന്റെ സമീപനങ്ങളും ഭരണ സ്തംഭനവും മുന്നണിയിലെ വിഴുപ്പലക്കലുമെല്ലാം കണ്ടും അനുഭവിച്ചും മടുത്ത ജനങ്ങള്‍ക്ക് മലപ്പുറത്തിലൂടെ ഒരു താക്കീത് നല്‍കാനായിരിക്കുന്നു. ഈ വിജയത്തെ മുസ്‌ലിം ഐക്യപ്പെടലായി ദുര്‍വ്യാഖ്യാനിക്കുന്ന സി.പി.എം തങ്ങളറിയാതെ ബി.ജെ.പിയുടെ വര്‍ഗീയ-ഹിന്ദുത്വരാഷ്ട്രീയത്തിന് അടിയൊപ്പു ചാര്‍ത്തുകയോ അവര്‍ക്ക് പ്രചോദനം നല്‍കുകയോ ആണ് ചെയ്യുന്നതെന്ന് മറക്കരുത്. ഭാഷയുടെ മലപ്പുറത്തിന്റെ മണ്ണുമാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരിക മനസ്സും അത് പൊറുക്കില്ലെന്ന് എല്ലാവരെയും വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ.

chandrika: